കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂര്‍വമായ തിരക്ക്, ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോള്‍ പൊലീസ് ലാത്തി വീശി

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കേരളത്തിലെ തിയേറ്ററിലും വന്‍ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തില്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിനെ കാണാന്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററില്‍. തിയേറ്റര്‍ പ്രൊമോഷന് വേണ്ടി പൂര്‍ണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു പാലക്കാട് അരോമ തിയേറ്ററില്‍ കണ്ടത്. പ്രേക്ഷകരുടെ സ്‌നേഹപ്രകടങ്ങള്‍ക്കിടയില്‍ തിരക്കിനിടയില്‍ ലോകേഷിന്റെ കാലിനു പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയും ചെയ്തു. കാലിന് പരിക്കേറ്റ സംവിധായകന്‍ ലോകേഷ് കനകരാജ് മറ്റു പരിപാടികള്‍ റദ്ദാക്കി തിരികെ മടങ്ങി. ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റര്‍ വിസിറ്റുകള്‍ ഒഴിവാക്കി. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ്സ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

അവധി ദിവസമായ ഇന്നും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്.