തിരുവനന്തപുരം: കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് വ്യക്തമാക്കിയത്.
ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി.
മൂല്യവര്‍ധിത കാര്‍ഷികോല്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ തുടരാമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. ഇസ്രായേല്‍ മന്ത്രി ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
കേരളവുമായി ഇസ്രായേലിനുള്ള ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു. ആദ്യകാല ഇസ്രയേല്‍ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.