54 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം വ്യാഴാഴ്ച

Cinema News

തിരുവനന്തപുരം: ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദര്‍ശനം വ്യാഴാഴ്ച. ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മണ്‍ ചിത്രം അണ്‍റൂളി, ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയന്‍ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, ഇന്റര്‍നെറ്റ് പ്രതിഭാസമായ റൂള്‍ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂള്‍ 34, പാം ഡി ഓര്‍ ജേതാവ് റൂബന്‍ ഓസ്ലന്‍ഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്സ്, ട്യൂണീഷ്യന്‍ ചിത്രം ഹര്‍ഖ തുടങ്ങിയവയാണ് അവസാന പ്രദര്‍ശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങള്‍.

കോണ്‍സേണ്‍ഡ് സിറ്റിസണ്‍, എ പ്ലേസ് ഓഫ് അവര്‍ ഓണ്‍, കെര്‍, ടഗ് ഓഫ് വാര്‍, ഉതാമ, കണ്‍വീനിയന്‍സ് സ്‌റ്റോര്‍ എന്നീ മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും വ്യാഴാഴ്ചയാണ്. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദര്‍ശനവും വ്യാഴാഴ്ചയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സ്വവര്‍ഗാനുരാഗിയായ മധ്യവയസ്‌കന്‍ മകളുമായി ഒന്നിക്കാന്‍ നടത്തുന്ന ദൗത്യം പ്രമേയമാക്കിയ യു എസ് ചിത്രം ദി വെയിലിന്റെയും അവസാന പ്രദര്‍ശനം വ്യാഴാഴ്ചയാണ്. ഫ്രീഡം ഫൈറ്റ്, 19 (1)(മ), ബാക്കി വന്നവര്‍ എന്നീ മലയാള ചിത്രങ്ങളുടെ പ്രദര്‍ശനവും നാളെയുണ്ടാകും.

ബംഗാളി സിനിമകള്‍ ഇതിഹാസതുല്യരുടെ സ്വാധീന വലയത്തിലെന്ന് ഇന്ദ്രസിസ് ആചാര്യ

ബംഗാളി സിനിമകള്‍ ഇതിഹാസതുല്യരായ പ്രതിഭകളുടെ നിഴലിലാണെന്നും അവരുടെ സ്വാധീന വലയം മറികടക്കാന്‍ നവാഗതര്‍ക്ക് കഴിയുന്നില്ലെന്നും ബംഗാളി സംവിധായകന്‍ ഇന്ദ്രസിസ് ആചാര്യ. സത്യജിത് റേയെ പോലുള്ളവരുമായുള്ള താരതമ്യപ്പെടുത്തല്‍ സിനിമ സ്വപ്നം കണ്ട നടക്കുന്നവര്‍ക്കും പുതിയ സംവിധായകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ പങ്കെടുക്കവേ ആചാര്യ പറഞ്ഞു.

തിയേറ്റര്‍ നിറഞ്ഞു കവിയുന്ന രാജ്യാന്തര മേളയിലെ ആവേശം ഇതര ഭാഷകളിലെ സംവിധായകര്‍ക്ക് സന്തോഷം പകരുന്നൂവെന്ന് മണിപ്പൂരി സംവിധായകന്‍ റോമി മെയ്‌തേയ് പറഞ്ഞു.

മായ് ന്യുയെന്‍, റോമി മെയ്‌തേയ്, മസൂദ് റഹ്മാന്‍ പ്രൊശൂണ്‍, അമില്‍ ശിവ്ജി, അമന്‍ സച്ച്‌ദേവ്, ഐമര്‍ ലബാക്കി, ഇന്ദ്രസിസ് ആചാര്യ, പ്രിയനന്ദനന്‍, ബാലു കിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മീരാ സാഹേബ് മോഡറേറ്ററായിരുന്നു.

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 15 മുതല്‍

ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15ന് രാവിലെ 10ന് ആരംഭിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ഓഫ് ലൈന്‍ രജിസ്‌ട്രേഷന് തളിപ്പറമ്പ് ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള സംഘാടക സമിതി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

മൊട്ടമ്മല്‍ മാള്‍, കഌസിക് തിയേറ്റര്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍, സെമിനാര്‍ എന്നിവയും ഉണ്ടാകും. പുനലൂര്‍ രാജന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി മാങ്ങാട് രത്‌നാകരന്‍ ക്യുറേറ്റ് ചെയ്ത ‘അനര്‍ഘനിമിഷം’ എന്ന ഫോട്ടോ പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ഐ എഫ് എഫ് കെയില്‍ പ്രേക്ഷകപ്രീതി നേടിയ ഉത്തമ, കണ്‍സേണ്‍ഡ് സിറ്റിസണ്‍, ക്‌ളോണ്‍ഡൈക്, ടഗ് ഓഫ് വാര്‍, മെമ്മറി ലാന്റ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വഴക്ക്, ആയിരത്തൊന്നു നുണകള്‍, ഗ്രേറ്റ് ഡിപ്രഷന്‍, നോര്‍മല്‍,ആണ് തുടങ്ങിയ മലയാള ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *