അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയില്‍ സന്ദര്‍ശക വിസ പുതുക്കുന്നതിന് ഇനി രാജ്യം വിടണം. ദുബൈയിലുള്ളവര്‍ക്ക് നിയമം ഇപ്പോള്‍ ബാധകമാക്കിയിട്ടില്ല. ഷാര്‍ജ, അബൂദബി എമിറേറ്റുകളിലാണ് നിയമം നിലവില്‍ വന്നത്. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് തിരിച്ചടിയാണ് പുതിയ നിര്‍ദ്ദേശം.
വിസിറ്റ് വിസയിലുള്ളവര്‍ യു എ ഇയില്‍ നിന്നുകൊണ്ടു തന്നെ അധിക തുക നല്‍കി വിസ പുതുക്കുകയായിരുന്നു പതിവ്. ഈ സംവിധാനം ഇല്ലാതാകുന്നതോടെ വിമാന മാര്‍ഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. തൊട്ടടുത്ത രാജ്യമായ ഒമാനില്‍ പോയി എക്‌സിറ്റ് അടിച്ച് മടങ്ങിയെത്താന്‍ പലരും നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നേരത്തെ സന്ദര്‍ശക വിസ പുതുക്കല്‍ ഇങ്ങിനെയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് അത് നിര്‍ത്തലാക്കി. ദുബൈയില്‍ നിലവിലെ സ്ഥിതി തുടരുന്നുണ്ടെങ്കിലും ഇവിടെയുള്ള പ്രവാസികളും ആശങ്കയിലാണ്.