യുവാക്കളുടെ നെഞ്ചത്തടിക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിക്കും: പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ അണിയറ നീക്കം സജീവം

Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിക്കുന്ന നീക്കവുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമായി. സര്‍ക്കാര്‍ ഖജനാവിലെ പ്രതിസന്ധിയാണ് യുവാക്കളുടെ നെഞ്ചത്തടിക്കുന്ന നീക്കത്തിന് പിന്നിലെ ഹേതു.

പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം എന്തു ചെയ്യുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 25000ത്തോളം പേരാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുക. ഇതില്‍ 20000പേര്‍ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ശരാശരി ഒരാള്‍ക്ക് വിരമിക്കുമ്പോള്‍ 40 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. 20000 പേര്‍ക്ക് ഇത്രയും തുക നല്‍കാന്‍ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ആലോചന സര്‍ക്കാര്‍ സജീവമാക്കിയത്.

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കിയാല്‍ കേരളത്തിന്റെ സാമ്പത്തിക നില കൂടുതല്‍ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. അതു മനസ്സിലാക്കി പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാന്‍ സമയമുണ്ടെന്നാണ് വിലയിരുത്തല്‍. നയപരമായ തീരുമാനമായതിനാല്‍ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്. മുന്നണി മറിച്ചൊരു തീരുമാനം എടുക്കില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

ഇതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നടപടികള്‍ ധനകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോഴും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ട്. ജൂണ്‍ നാലിന് വോട്ടെടുപ്പ് കഴിയും വരെ അതു തുടരും. മെയ് മാസത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെങ്കില്‍ ഉടന്‍ തീരുമാനം എടുക്കണം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. ഇതിനുള്ള ചര്‍ച്ചകളും മറ്റും സെക്രട്ടറിയേറ്റില്‍ സജീവമായി നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി കത്ത് നല്‍കിയെന്നും അനൗദ്യോഗിക സൂചനകളും പുറത്തുവരുന്നുണ്ട്.

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്. എന്‍ ജി ഒ യൂണിയന്റെ മുന്‍നിര നേതാക്കളും മെയ് മാസത്തില്‍ പെന്‍ഷനാകാനുണ്ട്. ഇവരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമാണ്. ഇങ്ങനെ വിരമിക്കേണ്ടവര്‍ ഒന്നും വിരമിക്കലുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങളൊന്നും തുടങ്ങിയിട്ടില്ലെന്നതാണ് വസ്തുത. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയോ അടുത്ത സാമ്പത്തിക വര്‍ഷം എല്ലാവരും വിരമിക്കുന്ന രീതിയില്‍ ഏകീകരണമോ ആണ് ആലോചനയില്‍.