വീല്‍ ചെയര്‍ സൗഹൃദ കൃഷിക്കളം നാളെ വെള്ളിയാഴ്ച എബിലിറ്റിയില്‍ തുടങ്ങും

Malappuram

പുളിക്കല്‍: ചക്രക്കസേര സൗഹൃദ ജൈവ കൃഷി (Accessibiltiy organic farming) ഒക്‌ടോബര്‍ 27ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിക്കും. എബിലിറ്റി ചെയര്‍മാന്‍ കെ. അഹമ്മദ് കുട്ടി അധ്യക്ഷനാകും. പഞ്ചായത്ത് സെക്രട്ടറി ഒ.വിനോദ് കുമാര്‍, കൃഷി ഓഫിസര്‍ വിനീത് വര്‍മ, മൌത്ത് പെയിന്റര്‍ ജെസ്ഫര്‍ കോട്ടക്കുന്ന്, തൊരപ്പ മുസ്തഫ, ബഷീര്‍ മമ്പുറം എന്നിവര്‍ സംബന്ധിക്കും.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ചക്രക്കസേര സൗഹൃദ ജൈവ കൃഷി ആരംഭിക്കുന്നത്. വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഭിന്നശേഷിക്കാരുടെ കര്‍മ്മശേഷി പരിപോഷിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

അരക്കുതാഴെ ചലന ശേഷി നഷ്ടമായവര്‍ക്ക് ചക്ര കസേരയില്‍ ഇരുന്നു കൊണ്ട് കൃഷി ചെയ്യാവുന്നതിന് ഉയര്‍ത്തിയ മണ്‍തറകള്‍, ഗ്രോ ബാഗ് എന്നിവകളില്‍ ഇവര്‍ക്ക് വളംചെയ്യല്‍, വിത്ത് പാകല്‍, ന്നന, ചെടി പരിപാലനം എന്നിവക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. ഓരോ ബെഡ്ഢിന്റെയും നാലുഭാഗത്തുകൂടെയും കൃഷിപ്പണി ചെയ്യുന്നതിനും കൃഷിക്കളത്തിലെ മറ്റു തറകളിലേക്കും ഗ്രോ ബാഗുകളിലേക്കും ചലിക്കുന്നതിനും വീല്‍ ചെയര്‍ പാത, കൈകൊണ്ട് ഉപയോഗിക്കാവുന്ന കൃഷി ഉപകരണങ്ങള്‍, ജലസേചനത്തിന് ഡ്രിപ് ഇറിഗേഷന്‍ സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇവിടെയുള്ള അന്തേവാസികള്‍ക്കു പുറമെ പുറത്ത് നിന്ന് വരുന്ന ഭിന്നശേഷിക്കാര്‍ക്കും പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.