ചേര്‍പ്പുങ്കല്‍ ചികിണിപ്പാലം; അടിയന്തിര നടപടിക്കു നിര്‍ദ്ദേശം നല്‍കിയതായി എം എല്‍ എമാര്‍

Kottayam

പാലാ: അപകടാവസ്ഥയിലായ ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ മാരായ മാണി സി കാപ്പന്‍, മോന്‍സ് ജോസഫ് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി തകര്‍ന്നതോടെയാണ് പാലം അപകടാവസ്ഥയിലായത്. കനത്ത മഴയെത്തുടര്‍ന്നാണ് പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നത്. സംരക്ഷണഭിത്തി തകര്‍ന്നതറിഞ്ഞ് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ഭാരവാഹനങ്ങള്‍ കടന്നു പോകുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ പാലം വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

80ലേറെ വര്‍ഷം പഴക്കമുള്ള പാലം മാറ്റി പുതിയ പാലം നിര്‍മ്മിക്കണോ എന്ന് പരിശോധിക്കുമെന്ന് എം എല്‍ എ മാര്‍ അറിയിച്ചു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേ നവീകരിച്ചപ്പോള്‍ ബസുകള്‍ ചേര്‍പ്പുങ്കല്‍ ടൗണില്‍ എത്താന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പാലം അപകടാവസ്ഥയിലായതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇത് ഈ മേഖലയിലുള്ള വ്യാപാരികളെയടക്കം പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാന്‍ മാണി സി കാപ്പനും മോന്‍സ് ജോസഫും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലം അപകടാവസ്ഥയിലായ വിവരം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എസ്റ്റിമേറ്റ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഇരുവരും വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെമ്പര്‍ ആര്യാ സബിന്‍, രാജു കോനാട്ട്, ബിബിന്‍ രാജ്, സതീഷ് പൈങ്ങനാമഠം, മിനി ജറോം, രാജന്‍ മുണ്ടമറ്റം,ബ്ലോക്ക് മെമ്പര്‍ അനിലാ മാത്തുകുട്ടി എന്നിവര്‍ മാണി സി കാപ്പന്‍ എം എല്‍ എ യോടൊപ്പം അപകടാവസ്ഥയിലായ പാലം സന്ദര്‍ശിച്ചു. മോന്‍സ് ജോസഫ് എം എല്‍ എ യും അപകടാവസ്ഥയിലായ ചകിണിപ്പാലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.