ഷാര്‍ജാ പുസ്തകമേള അക്ഷര പ്രേമികളുടെ ആഗോള സംഗമം: ഡോ. ഹുസൈന്‍ മടവൂര്‍

Gulf News GCC

ഷാര്‍ജ: നൂറ്റിയെട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള രണ്ടായിരത്തില്‍പരം പ്രസാധകര്‍ പങ്കെടുക്കുന്ന നാല്‍പത്തി രണ്ടാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേള അക്ഷര പ്രേമികളുടെ ആഗോള മഹാ സംഗമമായി കഴിഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പുസ്തകമേള സന്ദര്‍ശിക്കുവാനും പ്രകാശന പരിപാടികളില്‍ പങ്കെടുക്കാനുമായി ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം. വായന മരിക്കാതിരിക്കാന്‍ പുതിയ തലമുറ ഇത്തരം പുസ്തകമേളകള്‍ സന്ദര്‍ശിക്കുകയും പുതിയ ഗവേഷണങ്ങളും രചനകളും മനസ്സിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഷാര്‍ജാ ബുക് അഥോറിറ്റിയുടെ കീഴിലാണ് പുസ്തകമേള നടക്കുന്നത്.

‘ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു’ ( We speak books ) എന്നതാണ് ഈ വര്‍ഷത്തെ പുസ്തകമേളയുടെ പ്രമേയം. ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തക മേള ഉദ്ഘാടനം ചെയ്തു. നൂറിലധികം ഭാഷകളിലുള്ള പതിനഞ്ച് ലക്ഷം ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇതില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലുമുള്ള പുസ്തകങ്ങളുമുണ്ട്. ദക്ഷിണ കൊറിയയാണ് ഈ വര്‍ഷത്തിലെ അതിഥി രാഷ്ട്രം. ലിബിയന്‍ നോവലിസ്റ്റ് ഇബ്‌റാഹിം അല്‍ കോനിയാണ് വിശിഷ്ടാതിഥി. ബുക് ഫെയര്‍ അഥോറിറ്റിയുടെ അതിഥികളായി 215 പേര്‍ വരും. ഇന്ത്യയില്‍ നിന്ന് കടഞഛ ചെയര്‍മാന്‍ എസ് സോമനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ അഥോറിറ്റിയുടെ അതിഥികളായുണ്ട്.

ഇതിന്ന് പുറമെ പ്രസാധകരുടെയും കേരളീയ സാംസ്‌കാരിക സംഘങ്ങളുടെയും അതിഥികളായി നൂറിലധികം പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. അറബ് പൗരന്മാര്‍ കഴിഞ്ഞാല്‍ ഈ മേള കൊണ്ടാടുന്നത് ഏറ്റവും കൂടുതല്‍ മലയാളികളാണ്. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം സ്റ്റാളുകള്‍ ഇവിടെയുണ്ട്.

കേരളാ നിയമസഭാ സ്പീക്കര്‍ എം.എന്‍. ഷംസീര്‍, ബിനോയ് വിശ്വം എം.പി, മന്ത്രി സി.ദിവാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, എം.കെ.മുനീര്‍, കെ.ടി.ജലീല്‍, ഇ.കെ. വിജയന്‍, കെ.പി.എ. മജീദ്, ടി.വി. ഇബ്‌റാഹിം, കുറുക്കോളി മൊയ്തീന്‍, മുന്‍ എം.പി. എ പി അബ്ദുല്ലക്കുട്ടി എം.എം.ഹസ്സന്‍, മുന്‍ എം. എല്‍. എ പുരുഷന്‍ കടലുണ്ടി, ടി.വി ബാലന്‍, സാഹിത്യകാരന്‍മാരായ സകറിയ, പി.സുരേന്ദ്രന്‍, ഗ്രന്ഥകാരന്‍ എം.എം.അക്ബര്‍, നവാസ് പൂനൂര്‍, സി.പി.ഉമര്‍ സുല്ലമി, മുസ്തഫ തന്‍വീര്‍ , ഖുര്‍ആന്‍ വിവര്‍ത്തകന്‍ കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ തുടങ്ങിയവര്‍ വിവിധ പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളുണ്ട്. രണ്ടായിരത്തിലധികം പ്രസിദ്ധീകരണാലയങ്ങളുടെ പുസ്തകങ്ങള്‍ ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്നത് ഒരു അപൂര്‍വ്വ സംഭവം തന്നെയാണ്. നവംബര്‍ പന്ത്രണ്ട് വരെ നിലനില്‍ക്കുന്ന ഈ സാംസ്‌കാരികോത്സവത്തിലേക്ക് സ്വദേശികളും വിദേശികളുമായ പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.