രാഷ്ട്രീയ കിസാന്‍ മഹാസംഘ് കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് തുടക്കം

Eranakulam

കൊച്ചി: കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബര്‍ 20ന് തുടക്കമാകും.

ഡല്‍ഹി കര്‍ഷകസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ പ്രതിഷേധിച്ചും വിവിധ കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് കിസാന്‍ മഹാപഞ്ചായത്ത് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. ദേശീയ കര്‍ഷക നേതാക്കളായ ശിവകുമാര്‍ കക്കാജി, ജഗജീത് സിംഗ് ദല്ലോവാന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകനേതാക്കള്‍ പാലക്കാട് നടത്തുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കുചേരും.

കിസാന്‍ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവര്‍ വിഷയാവതരണം നടത്തി.

രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും, വിവിധ കര്‍ഷക സംഘടനകളുടെയും ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, ജെയിംസ് വടക്കന്‍, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, പി. പി ഏനു, സജീഷ് കൂത്തന്നൂര്‍, ചാക്കപ്പന്‍ ആന്റണി, പി.രവീന്ദ്രന്‍, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, പി ജെ ജോണ്‍ മാസ്റ്റര്‍,വിദ്യാധരന്‍ സി.വി., ജോബിള്‍ വടാശേരി, അഡ്വ: സുബിന്‍ എസ്. നെടുങ്ങാടന്‍, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേലില്‍, ജോജോ ആന്റണി, റോജര്‍ സെബാസ്റ്റ്യന്‍, ഷാജി തുണ്ടത്തില്‍, എന്നിവര്‍ സംസാരിച്ചു.

കിസാന്‍ മഹാ പഞ്ചായത്തിന്റെ വിപുലമായ നടത്തിപ്പിനായുള്ള സ്വാഗതസംഘസമ്മേളനം നവംബര്‍ 26 ഞായര്‍ രാവിലെ 11ന് പാലക്കാട് ചക്കാന്തറയിലുള്ള പാസ്റ്ററല്‍ സെന്ററില്‍ ചേരും.

32 സ്വതന്ത്ര കര്‍ഷക സംഘടനകളാണ് കേരളത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ഭാഗമായുള്ളത്. കിസാന്‍ മഹാപഞ്ചായത്തില്‍വെച്ച് കൂടുതല്‍ പ്രാദേശിക സ്വതന്ത്ര കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ വിപുലീകരിച്ച് കര്‍ഷക ഐക്യം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നുവെന്ന് സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ് സൂചിപ്പിച്ചു.

എല്ലാ കാര്‍ഷിക ഉല്പന്നങ്ങളുടെയും അടിസ്ഥാനവില സ്വാമിനാഥന്‍ കമ്മീഷന്‍ നിശ്ചയിച്ചതുപ്രകാരം നടപ്പിലാക്കുക, റബര്‍, പാം ഓയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷികോല്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കൂട്ടുക, ലോകവ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുക, ഗ്രാമീണ കര്‍ഷകരെ സംരക്ഷിക്കുക, കര്‍ഷകവിരുദ്ധ രാജ്യാന്തര സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെയ്ക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, പരിസ്ഥിതിലോലം, ബഫര്‍സോണ്‍, വന്യജീവി അക്രമങ്ങള്‍ എന്നിവയില്‍ നിന്ന് കര്‍ഷക സംരക്ഷണം ഉറപ്പാക്കുക കാര്‍ഷികോല്പന്ന സംഭരണം സമയബന്ധിതമായി നടപ്പിലാക്കി ന്യായവില ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തിലൂടെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് മുന്നോട്ടുവെയ്ക്കുന്നത്.