കൊച്ചി: കുസാറ്റില്‍ ഇന്നലെ വൈകുന്നേരം വരെ ചിരിച്ചു കളിച്ചു ശലഭങ്ങളൈ പോലെ കാമ്പസില്‍ പറന്നു നടന്നവര്‍ ഇന്ന് അവസാരമായി കാമ്പസില്‍ തിരികെ എത്തി, ചലനമറ്റ മൃതദേഹങ്ങളായി, പ്രിയപ്പെട്ട ചങ്ങാതിമാരോട് ഇനി ഒരിക്കലും ഇങ്ങോട്ടേക്കില്ലെന്ന യാത്രമൊഴി നല്‍കി അവര്‍ നിത്യതയിലേക്ക് മടങ്ങി.
ചങ്ങാതിമാരുടെ ചേതനയറ്റ മൃതദേഹങ്ങള്‍ കണ്ട് കരച്ചിലടക്കാന്‍ പാടുപെട്ട സഹപാഠികളെ കണ്ടപ്പോള്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുടെ കണ്ണുകളും ഈറനണിഞ്ഞു. ടെക്‌ഫെസ്റ്റിലെ ഗാന മേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടു മരിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ അവസാനമായി കാമ്പസിലെത്തിയപ്പോള്‍ കണ്ണീരോടെ കാമ്പസ് അന്ത്യയാത്ര നല്‍കി.
കുസാറ്റില്‍ വികാര നിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയ കൂട്ടുകാര്‍ക്ക് അന്ത്യയാത്ര നല്‍കിയത്. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിലേക്കാണ് മൂന്ന് മൃതദേഹങ്ങളും രാവിലെ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് മൂന്ന് മൃതദേഹങ്ങളും എത്തിച്ചത്. തീര്‍ത്തും ദാരുണമായി സംഭവത്തിന് സാക്ഷിയാകേണ്ടി വന്ന പലര്‍ക്കും ഞെട്ടല്‍ മാറിയിട്ടില്ല. പ്രിയ കൂട്ടുകാരുടെ ചേതനയറ്റ മൃതദേഹം കണ്ട് പലരും വാവിട്ടു നിലവിളിച്ചു. ചിലര്‍ ദുഃഖം സഹിക്കാന്‍ കഴിയാതെ കുഴഞ്ഞു വീഴുകയും ചെയ്തു.
സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം.തമ്പിയുടെ മകന്‍ അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ.ജി.റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസിക്കുന്ന വയലപ്പള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ സാറ തോമസ് (20) എന്നിവരുടെ മൃതദേഹമാണ് ക്യാംപസില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നത്.
പൊതുദര്‍ശനത്തിന് ശേഷം ആദ്യം അതുല്‍ തമ്പിയുടെ മൃതദേഹമാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. അതുല്‍ തമ്പിയുടെ സംസ്‌കാരം ഇന്നുതന്നെ നടത്തും. സാറ തോമസിന്റെ സംസ്‌കാരം നാളെയാണ്. സാറയുടെ മൃതദേഹം താമരശ്ശേരിയിലേക്ക് കൊണ്ടുപോയി. അവിടെ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനം കഴിഞ്ഞാകും നാളെ പള്ളിയില്‍ സംസ്‌ക്കരിക്കുക.
അന്‍ റിഫ്തയുടെ സംസ്‌കാരം അമ്മ ഇറ്റലിയില്‍നിന്നു വന്നശേഷമാണ്. ദുരന്തത്തില്‍ മരിച്ച ഇലക്ട്രിഷ്യനായ പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.