‘എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും: സാബു എം ജേക്കബ്

Kerala

കൊച്ചി: എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായില്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബിന്റെ വെല്ലുവിളി. അതിന് ഉതകുന്ന ആറ്റം ബോംബ് തന്റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ കിഴക്കമ്പലത്ത് വിളിച്ചുചേര്‍ത്ത മഹാസമ്മളനത്തിലാണ് പാര്‍ട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്റെ വെല്ലുവിളി.

അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു. ബി ജെ പി ബന്ധത്തിന്റെ കാര്യത്തില്‍ വ്യക്തമായി ഒന്നും സാബു ജേക്കബ് പറഞ്ഞില്ല. കെ സുരേന്ദ്രനെ കണ്ടിട്ടു തന്നെയില്ലെന്നായിരുന്നു മറുപടി. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബി അഭിപ്രായപ്പെട്ടു.

ഒരാഴ്ചയായി സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു. ‘ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സീറ്റുകിട്ടുന്നതില്‍ ഒരു കുഴപ്പവുമില്ല. 2021ല്‍ കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും ചെന്നിത്തലയും വീട്ടില്‍ വന്നു. അഞ്ച് സീറ്റാണ് അവര്‍ ഓഫര്‍ ചെയ്തത്. സിപിഐഎമ്മിന്റെ നേതാക്കള്‍ മന്ത്രി പി രാജീവ് ഉള്‍പ്പെടെ അഞ്ച് തവണയാണ് രാത്രി പാത്തും പതുങ്ങിയും വീട്ടില്‍ വന്നത്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ല ഞാന്‍ നിലകൊള്ളുന്നത്’ സാബു ജേക്കബ് വ്യക്തമാക്കി.

പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വിഷയത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സാബു എം ജേക്കബിനെതിരെ നേരത്തെയും ശ്രീനിജന്‍ എംഎല്‍എ ജാതീയ അധിക്ഷേപ പരാതി നല്‍കിയിരുന്നു.