തിരുവനന്തപുരം: കാസര്‍ഗോഡില്‍ നിന്ന് തുടക്കം കുറിച്ച ജനകീയ മന്ത്രിസഭ സദസ്സ് ലോകചരിത്രത്തില്‍ ജനാധിപത്യത്തിന്റെ നിറകയിലെ വലിയൊരു പൊന്‍തൂവല്‍ ആയിരിക്കുമെന്ന് ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡണ്ടും രാഷ്ട്രീയ ജനതാദാള്‍ നേതാവുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു. നാടിന്റെ പുരോഗതിയില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിപുലമായ ഈ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ മന്ത്രിസഭയാകെ നവംബര്‍ 18ന് തുടക്കം കുറിച്ച് ഡിസംബര്‍ 23 വരെ 140 നിയോജമണ്ഡലങ്ങളിലും പര്യടനം നടത്തുന്നു.
ഭരണ നിര്‍വഹണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കുന്ന നവകേരള സദസ്സ് ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും മന്ത്രിസഭയുമായി നേരിട്ടു പങ്കു വയ്ക്കാനുള്ള അവസരമൊരുക്കും. ഇത് ലോകചരിത്രത്തില്‍ ആദ്യമായാണ്. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ തുടക്കം കുറിച്ച് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സമാപിക്കുന്ന പരിപാടിയില്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നും മാന്നാനം സുരേഷ് കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ കല്പറ്റയില് നടന്ന നവ കേരള സദസ്സ് സ്വീകരണ പരിപാടിയില്‍ ആര് ജെ ഡി സംസ്ഥാന പ്രസിഡണ്ടും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാര്‍ 2000 പുതിയ വീടുകള്‍ നിര്‍മ്മിക്കും എന്നുള്ള പ്രഖ്യാപനം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരളത്തിനും ആര് ജെ ഡി പ്രവര്‍ത്തകര്‍ക്കും വളരെയധികം ആഹ്ലാദം നല്കുന്ന കാര്യമാണെന്നും മാന്നാനം സുരേഷ് കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാവരിലേയ്ക്കും ഒരുപോലെ ഗുണഫലമെത്തിക്കുന്ന വികസനത്തിന്റെ ഇടതുപക്ഷ ബദലാണ് കേരളത്തെ ലോകത്തിനു മാതൃകയാക്കുന്നത്. ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും മുതല്‍ ഇന്നത്തെ ലൈഫ് മിഷന് വരെ ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെല്ലാം ആ ആശയത്തിന്റെ ആവിഷ്കാരങ്ങളാണ്.
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന ആ നയത്തിന്റെ ഭാഗമായാണ് നവകേരള സദസ്സും സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വികസനത്തില്‍ ഏവരുടേയും സജീവമായ പങ്കാളിത്തം യാത്രയുടെ വിജയം ആണെന്നും. നവകേരളത്തിനായുള്ള ഈ ജനകീയ സംവാദയാത്രയിലുടെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.