ഈ ചിത്രത്തിലെ പെണ്‍കുട്ടി, അവരുടെ അമ്മ, പിന്നെ ….

Opinions

ചിന്ത / ഏ പ്രതാപന്‍

പടത്തിലെ പെണ്‍കുട്ടി, അവരുടെ അമ്മ, പിന്നെ……… അനിത തമ്പിയുടെ മാതൃഭൂമി കവിത, ഈ പടത്തിലെ പെണ്‍കുട്ടി, വായിച്ചു, മാതൃഭൂമി ആഴ്ചപ്പതിപ്പ് മടക്കി വെച്ചു,
ഈ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്,
ഈ രൂപത്തിലല്ല, അവരുടെ ഫ്രാന്‍സീസ് റോഡിലെ പഴയ വീട്ടില്‍ പോയിട്ടുണ്ട്,
അവരുടെ കല്യാണത്തില്‍ പങ്കു കൊണ്ടിട്ടുണ്ട്, മാ എന്നെല്ലാവരും വിളിക്കുന്ന അവരുടെ അമ്മ അവരെയും കൂട്ടി വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ എന്റെ ഓഫീസില്‍ വന്നിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്,
ഇപ്പോള്‍ അവര്‍ കവിതയായിട്ടുമുണ്ട്.

മാ മരിച്ചു പോയി.

ജീവിതത്തില്‍ നിന്ന് കവിതയിലെത്താന്‍ ഏറെ വര്‍ഷങ്ങളുടെ ദൂരമുണ്ട്,
എല്ലാവരും കവിതയില്‍ എത്തുന്നുമില്ല.

നാസികളുടെ ഫയറിങ്ങ് സ്‌ക്വാഡിന് മുന്നില്‍ ഒരു ദിവസം മുഴുവനും ഇരിക്കേണ്ടി വന്ന അന്നാ സ്വീര്‍ എന്ന കവി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതേ കുറിച്ച് കവിതയെഴുതിയത്. അതും ഒരു കവിതയിലെ ഒരു വരി .

ലോകത്തിന്റെ തന്നെ വലിയ വിപ്ലവകാരി ചെഗുവേര, മന്ത്രി സ്ഥാനവും, മേജര്‍ പദവിയും , ക്യൂബന്‍ പൗരത്വവും ഉപേക്ഷിച്ച് ക്യൂബയില്‍ നിന്ന് ബൊളീവിയന്‍ കാടുകളിലേക്ക് പോകുമ്പോള്‍ തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും കൂട്ടിയില്ല. ചെ , ഫിഡലിന് എഴുതി , എന്റെ കുടുംബത്തിന് വേണ്ടി ഭൗതികമായതൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. രാഷ്ട്രം അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായതും വേണ്ട വിദ്യാഭ്യാസവും കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്.

വിപ്ലവകാരികളുടെ ഒരു കുടുംബം, അച്ഛനും , ജോലി രാജി വെച്ച അമ്മയും , വിദ്യാഭ്യാസം ഉപക്ഷിച്ച കൗമാരക്കാരിയായ മകളും , വിപ്ലവമുണ്ടാക്കാന്‍ വയനാടന്‍ കാടുകളിലേക്ക് പോയത് ഇപ്പോഴും ഓര്‍ക്കുമ്പോള്‍ അത്ഭുതം. ലോക ചരിത്രത്തില്‍ ഇങ്ങനെ ഒന്നുണ്ടോ എന്ന് എനിക്കറിയില്ല.
ചെ എഴുതി, വിപ്ലവകാരികള്‍ ഒന്നുകില്‍ ജയിക്കുന്നു , അല്ലെങ്കില്‍ മരിക്കുന്നു.

ആ കുടുംബം ജയിച്ചില്ല , മരിച്ചുമില്ല.

തോറ്റു പോയി, എല്ലാ ത്യാഗങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ശേഷവും ജീവിക്കാന്‍ വിധിക്കപ്പെട്ട വിപ്ലവകാരികളോട് , സഹജീവികള്‍ കാട്ടുന്ന അധമമായ അനാദരവിനെ ഓര്‍ക്കാന്‍ ഈ കവിത നിമിത്തമായി.

നന്ദി, സമാധാനം!