ജയന്ത് ചൗധരിയുടെ വരവ് ബിജെപിയുടെ ജാതി സമവാക്യങ്ങൾ തകിടം മറിക്കുമോ..?

Opinions

ഭരത് കൈപ്പാറേടൻ

ലക്നൗ: ജയന്ത് ചൗധരിയുടെ വരവോടെ ജാതി അടിസ്ഥാനത്തിലുള്ള ബിജെപിയുടെ സീറ്റ് നിർണ്ണയത്തിൽ തലവേദനയുണ്ടാകുമെന്നു സൂചന.

ആർഎൽഡി ബിജ്നോറിൽ ഗുർജാർ സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്നെ ബിജെപിക്ക് കൈരാനയിലും അമ്രോഹയിലും കൂടി ഗുർജർമാരെ മത്സരിപ്പിക്കാൻ കഴിയില്ല.

അങ്ങനെയുള്ള സാഹചര്യത്തിൽ ജാതിതിരിച്ചുള്ള സീറ്റ് വീതം വെപ്പിന്റെ നിലവിലെ സമവാക്യം ബിജെപിക്കു മാറ്റിയെഴുതേണ്ടി വരും. ഏറെ നാളായി വിവിധ സീറ്റുകളിൽ ടിക്കറ്റിനായി തയ്യാറെടുക്കുന്ന പല സമുദായ നേതാക്കളും ഇതോടെ നിരാശരാകും.

ബാഗ്പത് പ്രദേശത്തെ സീറ്റുകൾ ചരൺസിംഗിന്റെയും അജിത് സിംഗിന്റെയും കാലം മുതൽ പരമ്പരാഗതമായി ജയന്തിന്റെ കുടുംബം മത്സരിക്കുന്നവയാണ്. അതിനാൽ ബിജെപി-ആർഎൽഡി സഖ്യം നിലവിൽ വരുമ്പോൾ ബാഗ്പത് മേഖലയിലെ സീറ്റുകൾ ജയന്തിന് വിട്ടുകൊടുക്കേണ്ടിവരും.

ഇതോടെ ജാട്ട് മേഖലയിലെ പല ബിജെപി നേതാക്കളുടെയും സാധ്യതകൾ ഇല്ലാതാവും.

ജാതി സമവാക്യത്തിന് അനുയോജ്യമായാണ് ബിജെപി 2014 മുതൽ ടിക്കറ്റുകൾ വിതരണം ചെയ്തുവന്നിരുന്നത്. എന്നാൽ ഇത്തവണ ജയന്ത് വരുന്ന തോടെ ബിജ്‌നോർ സീറ്റ് ജയന്തിന്റെ ആർഎൽഡിക്കു കൊടുക്കേണ്ടിവരും. ജയന്ത് അവിടെ ഗുർജാർ സ്ഥാനാർത്ഥിയെ ഇറക്കുമെന്നുറപ്പാണ്.

അത്തരമൊരു സാഹചര്യത്തിൽ കൈരാനയിലും അമ്രോഹയിലും കൂടി ഗുർജർമാരെ മത്സരിപ്പിച്ചാൽ സാമുദായികമായി അത് ഏകപക്ഷീയമാകും. ബിജെപിയുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാവുക എന്നതാവും ഫലം.

ബാഗ്പത്, മുസാഫർനഗർ, ബിജ്‌നോർ എന്നീ മൂന്ന് സീറ്റുകളിൽ പരമാവധി ജാട്ട് കാർഡ് കളിച്ചാണ് ജയന്ത് ചൗധരിയുടെ ആർഎൽഡി ശക്തി പ്രാപിച്ചത്.

ബിജെപിയാകട്ടെ 2014 മുതൽ, പടിഞ്ഞാറൻ മേഖലയിലെ 14 സീറ്റുകളിലും പരമാവധി ജാട്ടുകളെയാണ് മത്സരിപ്പിക്കുക. കൈരാന അംരോഹ സീറ്റുകളിൽ ബിജെപി പതിവായി ഗുർജർ സ്ഥാനാർത്ഥികളെയാണ് നിർത്താറുള്ളത് .

ഗൗതം ബുദ്ധ നഗറിലും സഹരൻപൂരിലും ബ്രാഹ്മണരെ സ്ഥിരമായി മൽസരിപ്പിക്കുന്ന ബിജെപി ഗാസിയാബാദിലും മൊറാദാബാദിലും ക്ഷത്രിയരെയും നാഗിനയിലും ബുലന്ദ്ഷഹരിലും സംവരണ സ്ഥാനാർത്ഥികളെയുമാണ് മൽസരത്തിനിറക്കാറുള്ളത്.

ജയന്തിന് ബാഗ്പത് സീറ്റ് കൊടുത്താൽ രണ്ട് തവണ അവിടെനിന്ന് ബിജെപി ടിക്കറ്റിൽ എംപിയായ സത്യപാൽ സിംഗിൻ്റെ കാര്യം ശോകമാകും.

ബിജ്‌നോറിൽ ജയന്ത് ഒരു ഗുർജറിയെ മത്സരിപ്പിച്ചാൽ കൈരാനയിലും അംറോഹയിലും ഗുർജറിയെ മത്സരിപ്പിക്കാൻ തങ്ങൾക്കു കഴിയില്ലെന്നുള്ളത് ബി ജെ പിയെ കുറച്ചൊന്നുമല്ല ആശങ്കാകുലരാക്കുന്നത്.

എതിർപക്ഷത്ത്, ഇന്ത്യാ സഖ്യത്തിൽ നിന്ന് പിൻവാങ്ങിയതിന്റെപേരിൽ ആർഎൽഡിയോട് ദേഷ്യമുള്ള അഖിലേഷ് യാദവ് ബിജെപിയെ ജാതി കാർഡ് ഉപയോഗിച്ച് പരമാവധി വെട്ടിലാക്കുകയും ചെയ്യും .

ഇതാണ് ബി ജെ പിക്കു മുന്നിൽ ഇപ്പോൾ കീറാമുട്ടി ആയിരിക്കുന്നത്.