കേരളം പണയത്തിലാണെന്ന വസ്തുത മറച്ചു പിടിക്കുകയാണ് ആഘോഷത്തിലൂടെ അവര്‍

Opinions

ചിന്ത / ഡോ: ആസാദ്

കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ഭാഷാസംസ്ഥാന രൂപീകരണമാണല്ലോ. 1956നവംബര്‍ ഒന്നിനു മുമ്പുള്ള വിഭക്ത കേരളത്തില്‍നിന്ന് ഐക്യകേരളത്തിലേക്കുള്ള മാറ്റം. ഭാഷയാണ് നമ്മെ ഒന്നിപ്പിച്ചത്. കേരളത്തെ മലയാളികളുടെ മാതൃഭൂമിയാക്കിയത്.

കേരളത്തില്‍ ഇപ്പോഴും വിദ്യാലയങ്ങളിലും കോളേജുകളിലും ഒന്നാംഭാഷ മലയാളമായിട്ടുണ്ടോ? എല്ലാ ജ്ഞാനശാഖകളും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനും സാദ്ധ്യമാകുന്നുണ്ടോ? ഓഫീസ് വ്യവഹാരങ്ങള്‍ പൂര്‍ണമായി മലയാളത്തിലാണോ? ആശുപത്രിയിലും കോടതിയിലും മലയാളിക്കു മനസ്സിലാവുന്ന ഭാഷാവ്യവഹാരമാണോ ഉള്ളത്? ഭാഷാവികസനത്തിനു വേണ്ട നയവും നടത്തിപ്പും ഗൗരവപൂര്‍വ്വം നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ?

കൊട്ടിഘോഷിച്ച കേരളമാതൃക അസ്തമിക്കുകയല്ലേ? ആഗോളവത്കരണത്തിന്റെ മൂലധനപ്പാച്ചിലില്‍ നാം നമ്മുടേതായ വേറിട്ട വഴികള്‍ ഒഴുക്കിക്കളഞ്ഞില്ലേ? പുതുമുതലാളിത്ത വികസനത്തിന്റെ ആഗോളവഴികളില്‍ വേര്‍തിരിവില്ലാതെ അലിയിച്ചുകളഞ്ഞില്ലേ? പഴയ കാലത്തിന്റെ മേനിയിലും പ്രൗഢിയിലും എത്ര കാലം ഞെളിഞ്ഞു നടക്കാനാവും? ലോകത്തെവിടെയുമുള്ള മൂലധന മത്സരത്തിന്റെയും ദല്ലാള്‍ സംസ്‌കാരത്തിന്റെയും ഹീനവഴക്കങ്ങള്‍ നമ്മെ വിഴുങ്ങിയില്ലേ? ഭൂതകാലപ്പെരുമ പാടി എത്രകാലം അതിജീവിക്കാനാവും?

കേരളത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഭാഷയും പരിസ്ഥിതിയും ജനസംസ്‌കൃതിയുമാണ്. അവയെ ആസ്പദമാക്കിയുള്ള പുരോഗതിയാണ് കേരളത്തിന്റെ വികസനം. അവയ്ക്കു ക്ഷതമേല്‍പ്പിച്ചുള്ള സാഹസിക ചാഞ്ചാട്ടങ്ങള്‍ താല്‍ക്കാലിക നേട്ടങ്ങളോ സുഖങ്ങളോ ഉണ്ടാക്കാം. അതു പക്ഷേ, പുരോഗതിയാവില്ല. കേരളപ്പിറവി ആഘോഷംകൊണ്ട് നാം മറ്റെന്താണ് ലക്ഷ്യമാക്കേണ്ടത്?

പണമുതലാളിത്തത്തിന്റെ വര്‍ണപ്പകിട്ടില്‍ ഭ്രമിച്ചുപോകുന്ന അധികാരികള്‍ക്ക് എല്ലാം ആഘോഷമാണ്. ആസൂത്രണത്തില്‍ പിഴച്ച വളര്‍ച്ച അവരുടെ വിഷയമോ പ്രശ്‌നമോ അല്ല. കേരളത്തിന്റെ വേറിട്ടതും മാതൃകാപരവുമായ വളര്‍ച്ചയുടെ പാത കൈവിട്ടതും പ്രശ്‌നമല്ല. സ്തുതിപാഠക സദസ്സുകള്‍ വേണം ഭരണാധികാരികള്‍ക്ക്. കേരളം പണയത്തിലാണ് എന്ന വാസ്തവത്തെ അവര്‍ക്കു മറച്ചു പിടിക്കണം.

അതിനാല്‍ കേരളപ്പിറവിദിനം കേരളത്തിന്റെ അന്തസ്സും അഭിമാനവും വേറിട്ട മാതൃകാവഴികളും വീണ്ടെടുക്കാനുള്ള ഓര്‍മ്മദിനമാവണം. കേരളത്തെ വിറ്റു തിന്നുന്നവര്‍ക്ക് താക്കീതാവണം. ഭാഷയെയും അടിത്തട്ടു സമൂഹത്തെയും പിന്നാമ്പുറത്തു നിര്‍ത്തുന്ന അനീതിക്കെതിരായ കലഹമാവണം. നാം കേരളീയരാണ് എന്ന് ഉറക്കെ പറയാനാവണം. ദേശീയവും സാര്‍വ്വദേശീയവുമായ വൈവിദ്ധ്യങ്ങളുടെ ഭൂപടത്തില്‍ കേരളം തെളിഞ്ഞു നില്‍ക്കുമെന്ന് ഉറപ്പാക്കണം.