വിമര്‍ശനം /കെ ഫാത്തിമ
(സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ദേശവ്യതിയാനങ്ങള്‍ ചര്‍ച്ചകള്‍ക്ക് കാരണമാവാറുണ്ട്. പ്രാദേശികമായ പ്രമേയങ്ങള്‍ ഇവ്വിധം വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നതും അപൂര്‍വ്വമല്ല. അലി പള്ളിയാലിന്റെ ‘തരുവണ കഥകള്‍ ‘ വിസ്താരത്തിന് പാത്രമാകുകയാണിവിടെ )
അലി പള്ളിയാല്‍ എഴുതി, ലിറ്റാര്‍ട്ട് പ്രസിദ്ധീകരിച്ച തരുവണ കഥകള്‍ എന്ന പുസ്തകത്തില്‍ എഴുത്തുകാരനും പ്രസാധകനും അവതാരകനും വ്യത്യസ്തമായ തരത്തില്‍ ആശ്ചര്യപ്പെട്ട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എഴുപതാമത്തെ വയസ്സില്‍ എന്തിനീ കഥയെഴുത്ത് എന്ന സാഹസത്തിന് മുതിരുന്നു? തരുവണ കഥകള്‍ എന്ന സമാഹാരത്തിലെ എഴുത്തുകള്‍ കഥകള്‍ ആണോ അല്ലയോ എന്ന ചര്‍ച്ച തത്കാലം നമുക്ക് മാറ്റി വെച്ച് ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. കാരണം ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍ അലി പള്ളിയാലിന്റെ എഴുത്തുകളെ വായിക്കാനും മനസ്സിലാക്കാനും സന്ദര്‍ഭവത്കരിക്കാനുമുള്ള വിഭവങ്ങള്‍ എമ്പാടും ഉണ്ടാകും. മാത്രമല്ല, പ്രാദേശിക കഥകളെ മുന്‍ നിര്‍ത്തി പ്രാദേശിക ചരിത്രമെഴുത്തുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രവണതയെ മനസ്സിലാക്കാനും അത്തരം ചരിത്ര രചനാ രീതികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധങ്ങളായ താല്പര്യങ്ങളെ പുറത്തേക്ക് കൊണ്ടുവരാനും അതു സഹായിക്കും. വിദ്യാര്‍ഥി ജീവിത കാലത്തു തന്നെ അലി പറയുന്ന കഥകള്‍ കേട്ട അവതാരകന്‍ എ. പി. കുഞ്ഞാമുവിന്റെ അത്ഭുതം അലി കഥാകാരന്‍ ആയിത്തീരാന്‍ എന്തേ ഇത്ര വൈകി എന്നതാണ്. എന്നാല്‍ സീനിയേഴ്‌സിന്റെ റാഗിങ്ങില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു പഠന കാലത്ത് വയനാടന്‍ കാടന്‍ കഥകള്‍ പറഞ്ഞത് എന്നാണ് അലി ഇതിനു പറയുന്ന ഉത്തരം. ആ പഴയ രക്ഷപ്പെടല്‍ ചരിത്രം ഉപയോഗിച്ച് അലിയുടെ പുതിയ എഴുത്തിനെ സന്ദര്‍ഭവല്‍ക്കരിക്കാന്‍ കഴിയില്ലെന്നു സാരം. അങ്ങിനെയെങ്കില്‍ എന്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാവണം അലി ഇപ്പോള്‍ ‘കഥ’ പറയുന്നത്? എന്താണ് അലി പള്ളിയാല്‍ ഇപ്പോള്‍ നേരിടുന്ന സന്നിഗ്ധത?
‘കഥ’ എഴുതാനുള്ള തന്റെ സഹാസത്തിന്റെ വംശാവലി അലി കണ്ടെത്തുന്നത് പക്ഷെ വ്യക്തിഗത ചരിത്രത്തില്‍ അല്ല. കുടുംബ പുരാണത്തില്‍ ആണ്. പള്ളിയാല്‍ കുടുംബത്തില്‍ ജനിച്ചവര്‍ ബഡായി പറയാന്‍ മിടുക്കരായിരുന്നു എന്നും വായാപ്പയുടെ കഥകള്‍ കേട്ടുവളര്‍ന്ന ഞങ്ങള്‍ അതിനെയും വെല്ലുന്ന കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു എന്നും പല സ്ഥലങ്ങളിലായി സൂചിപ്പിച്ചു കൊണ്ട് തന്റെ സാഹസത്തെ കുടുംബത്തിന്റെ ഭൂതകാല ചരിത്രവുമായും, അതിന്റെ അതിജീവനവുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് അലി അടയാളപ്പെടുത്തുന്നത്. അങ്ങിനെ ഞാന്‍ എന്നുപറയുന്ന ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന കയ്യൊപ്പ് ചാര്‍ത്താന്‍ വേണ്ടിയാണ് താന്‍ എഴുതുന്നത് എന്നാണ് അലി തന്നെ നേരെ ചൊവ്വേ പറയുന്നത്. സ്വന്തം എഴുത്തിനെ ഇവ്വിധം അടയാളപ്പെടുത്തിക്കാണാന്‍ തുനിയുന്ന ഒരാളുടെ എഴുത്തിനെ അങ്ങിനെയെങ്കില്‍ അയാളുടെ എഴുത്തിലൂടെ മാത്രം തെളിച്ചത്തോടെ മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. അതിനു എഴുത്തിനു പുറത്തേക്ക് കൂടി നോക്കണം. അങ്ങിനെ തന്റെ എഴുത്തിനു പുറത്തേക്ക് കൂടി വായനക്കാരന്‍/ തരുവണക്കാര്‍ നോക്കണം എന്ന ആഗ്രഹം അലി തന്നെ തന്റെ എഴുത്തിലുടനീളം പ്രകടിപ്പിക്കുന്നുമുണ്ട്. അതിന്റെ സാക്ഷ്യമെന്നോണം അങ്ങിനെ നോക്കാന്‍ വായനക്കാരനെ സഹായിക്കുന്ന ഒരുപാട് കിളിവാതിലുകള്‍ ഓരോ ‘കഥയിലും’അലി വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്.
പള്ളിയാല്‍ എന്ന തന്റെ തറവാടിന് തരുവണയില്‍ ഉള്ള സവിശേഷമായ പദവി ഊന്നിയൂന്നി പറഞ്ഞുകൊണ്ടാണ് അലി തരുവണ കഥകളിലേക്ക് പ്രവേശിക്കുന്നത് തന്നെ. ബ്രിട്ടീഷ് ഭരണ കാലത്ത് വ്യാപാര കേന്ദ്രമായിരുന്ന തരുവണയില്‍ ചുങ്കം പിരിക്കാന്‍ നിയുക്തനായ വടകരക്കാരനായ പക്രന്റെ മക്കളും പേരമക്കളുമയി പടര്‍ന്നു പന്തലിച്ചതാണ് പള്ളിയാല്‍ കുടുംബം എന്നാണ് അലി വിശദീകരിക്കുന്നത്. പക്രന്റെ കുടുംബം വടകരയില്‍ അറിയപ്പെടുന്നത് നമ്പൂരിക്കണ്ടി എന്ന പേരില്‍ ആണെന്ന് പ്രത്യേകം എടുത്തുപറയുന്ന അലി, പക്രന്റെ കുടുംബത്തെ തരുവണയില്‍ എങ്ങിനെ വേണം മനസ്സിലാക്കാന്‍ എന്നതിലേക്ക് ഒരു സൂചന കൂടി പകരുന്നുണ്ട്. പുസ്തകത്തിന്റെ ആമുഖത്തില്‍ ചേര്‍ത്ത സ്വന്തം ബയോഡാറ്റയിലും, കഥകളില്‍ സ്വന്തം കുടുംബക്കാര്‍ കഥാപത്രങ്ങളായി വരുമ്പോഴും അവരുടെ തൊഴില്‍ മേഖല കൂടി പറഞ്ഞു സാമാന്യേന വിശദമായി അവരെ പരിചയപ്പെടുത്താനുള്ള അലിയുടെ വ്യഗ്രതയേയും ഇതോടു ചേര്‍ത്തുവായിക്കാവുന്നതാണ്. പാര്‍ട്ടി സമ്മേളന സമയത്ത് തന്റെ ജേഷ്ഠന്‍ മമ്മുവിന് മാത്രം ഒതേനന്‍ കൊടുത്ത പഞ്ചാര ഇട്ട കാപ്പിയില്‍ തങ്ങള്‍ എങ്ങിനെ മനസ്സിലാക്കപ്പെടണം, പരിഗണിക്കപ്പെടണം എന്ന ആ ആഗ്രഹത്തിന്റെ സൂചനയുടെ പകര്‍പ്പുണ്ട്.
ഇത്തരം സൂചനകള്‍ തരുവണ കഥയിലെ ഓരോ കഥകളിലും അതി സൂക്ഷ്മമായി പ്രതിപ്രവര്‍ത്തിക്കുന്നുമുണ്ട്. പാവപ്പെട്ടവരുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സമ്പന്നരുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള പാവപ്പെട്ടവന്റെ സ്‌നേഹവായ്പ് എന്നാണ് ആ പഞ്ചസാരയെ അലി ആമുഖത്തില്‍ നീതീകരിക്കുന്നത്.
എന്നാല്‍ സഞ്ചാരം എന്ന കഥയിലെത്തുമ്പോഴേക്കും ആ സ്‌നേഹക്കൂട്ടായ്മ തറവാട്ടു പട്ടികളും തെണ്ടിപ്പട്ടികളും എന്നിങ്ങനെ രണ്ടായി വഴിപിരിയുന്നുണ്ട്. തെണ്ടിപ്പട്ടികളുടെ കൂടെ ബിട്ടു എന്ന തറവാട്ടു പട്ടിയെ (നാടന്‍ ഇനമാണെങ്കിലെന്താ, അവന്‍ തറവാട്ടില്‍ പിറന്നവനാണ് എന്ന് അലിയുടെ കഥാപാത്രം ഈ കഥയില്‍ പറയുന്നുണ്ട്) കണ്ടതിലെ വിഷമം ഉള്ളില്‍ ഒളിപ്പിച്ചുവെച്ചാണ് കുറുപ്പ് സംസാരിക്കുന്നത്. സൊസൈറ്റി ലോണ്‍ എന്ന കഥയിലും ഈ പട്ടികളെ നാം വീണ്ടും കാണുന്നുണ്ട്. രണ്ടു ജാമ്യക്കാരെയും കൂട്ടി ബാങ്ക് സെക്രട്ടറി നമ്പൂതിരിയുടെ മുന്നിലേക്ക് പോകുന്ന വായ്പക്കാരനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അതാ മൂന്നുപേര്‍ പോകുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ചോലപ്രവന്‍ ഇബ്രായിയും പള്ളിയാല്‍ മൊയ്തുവും കാണുന്നത് മൂന്നു പട്ടികളെയാണ്. മുന്നില്‍ തിരക്കിട്ട് ഓടുന്ന പട്ടി, പൃഷ്ഠവും മണത്ത് രണ്ടാമന്‍, തൊട്ടുപിന്നില്‍ മുരണ്ടു കൊണ്ട് മൂന്നാമനും. പാവപ്പെട്ട ഈ തെണ്ടിപ്പട്ടികളോടുള്ള തറവാട്ടു പട്ടികളുടെ ഉദാരതയുടെയും ശൗര്യത്തിന്റെയും അനുതാപനത്തിന്റെയും കഥയായായാണ് തരുവണയുടെ ചരിത്രത്തെ അലി പള്ളിയാല്‍ വിശദീകരിക്കുന്നത്.
എന്നാല്‍ ഈ ഉദാരതയുടെ മുഖം മൂടി തരുവണ ക്കഥകളില്‍ പലയിടങ്ങളിലും അഴിഞ്ഞു വീഴുന്നുമുണ്ട്. ‘കാര്യം നമ്മള്‍ പുരോഗമന പ്രസ്ഥാനത്തിന്റെ ആളുകള്‍ ഒക്കെ തന്നെയാണ്, പക്ഷെ ഇവരെയൊക്കെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം’ എന്ന് അയിത്തം എന്ന കഥയില്‍ ഹരി പറയുന്നുണ്ട്. ഹരിസാര്‍ പറയുന്ന നിര്‍ത്തേണ്ടയിടങ്ങളില്‍ എങ്ങിനെയാണ് അലി പള്ളിയാല്‍ തന്റെ കഥയിലെ കഥാപാത്രങ്ങളെ നിര്‍ത്തുന്നത് എന്നന്വേഷിക്കുന്നത് ഈ എഴുത്തുകളെ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ സഹായിക്കും. അതിനു നാം നേരത്തെ മാറ്റിവെച്ച തരുവണ കഥകള്‍ എന്ന സമാഹാരത്തിലെ എഴുത്തുകള്‍ കഥകള്‍ ആണോ അല്ലയോ എന്ന ചോദ്യത്തെ കൂടി തിരിച്ചുവിളിക്കണം. തരുവണയെ ജിന്നുകളുടെ നാട്, മൗലൂദിന്റെ നാട്, കുത്ത് റാത്തീബിന്റെ നാട്, എല്ലാ മിത്തുകളും ജീവിതത്തിന്റെ ഭാഗമാക്കിയ നിഷ്‌കളങ്കരായ മനുഷ്യരുടെ നാട്, എന്നൊക്കെയാണ് തുടക്കത്തിലേ അലി പരിചയപ്പെടുത്തുന്നത്. എന്നാല്‍ കഥകളിലൂടെ കണ്ണോടിച്ചാല്‍ രണ്ടു തരം തരുവണയെ കാണാം. ഒന്ന്, മിത്തില്‍, ഭൂതകാലത്തില്‍ അഭിരമിക്കുന്ന തരുവണ. പുതിയോട്ടില്‍ അമ്മതാക്കയും, യൂസഫ് മമ്മിയും, അവ്വാപ്പയും, ലബ്ബ ഉസ്താദും, അന്ത്രു മുസ്‌ലിയാരും പള്ളിയിലെ ഖാളിയാരും അബ്ദു മുസ്‌ലിയാരും ആ തരുവണയില്‍ ജീവിക്കുന്നവരാണ്. ഫാന്റസിയുടെ വിസ്മയ ലോകം.
എന്നാല്‍ മറ്റൊരു തരുവണ കൂടിയുണ്ട് അലിയുടെ എഴുത്തില്‍. അത് മിത്തില്‍ നിന്നും ഭൂതകാലത്തില്‍ നിന്നും, ഫാന്റസിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട തരുവണയാണ്. സ്ഥലത്തെ പ്രധാന ദിവ്യന്മാരാണ് ഈ തരുവണയെ കയ്യടക്കി വെച്ചിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ഏജന്റ് ഉള്ള, നിറയെ ബാങ്കുകള്‍ ഉള്ള, ബാങ്ക് വായ്പയെ കുറിച്ച് സെമിനാര്‍ നടക്കുന്ന, എന്‍. സി.സി. പരേഡ് നടക്കുന്ന, ബ്യുസിഫലസ് കാര്‍ ഓടുന്ന തരുവണ. അലി പാളിയാല്‍ താന്‍ ജീവിക്കുന്നു എന്നു സ്വയം കരുതുന്നത് ഈ തരുവണയിലാണ്. ഇങ്ങിനെ തരുവണ പ്രത്യക്ഷപ്പെടുന്ന എഴുത്തുകള്‍ കഥകള്‍ എന്ന നിലയിലല്ല, സംഭവ ചരിത്രങ്ങള്‍ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് അലി എഴുതിയിരിക്കുന്നത്. വായനക്കാരനെ അങ്ങിനെ തോന്നിപ്പിക്കാനുള്ള ഒട്ടനവധി മേമ്പൊടികളും വിശദശാംശങ്ങളും അത്തരം എഴുത്തുകളില്‍ അലി പ്രയോഗിക്കുന്നുണ്ട്. ചില ‘കഥ’കളില്‍ വാല്‍ക്കഷ്ണം എന്ന പേരില്‍ അടിക്കുറിപ്പുകള്‍ നല്‍കി ‘കഥക്ക്’ യാഥാര്‍ഥ്യത്തിന്റെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് ഉദാഹരണം. രസകരമായൊരു കാര്യം, ഇത്തരം എഴുത്തുകളില്‍ വരുന്ന കഥാപാത്രങ്ങള്‍ ഭൂരിഭാഗവും അലിയുടെ തന്നെ കുടുംബത്തില്‍ നിന്നുള്ളവരാണ് എന്നതാണ്. അതില്‍ പലരും ബാങ്ക് ജീവനക്കാരുമാണ്. ഈ എഴുത്തുകളില്‍ എല്ലാം തന്നെ നിറഞ്ഞു നില്‍ക്കുന്ന ബാങ്കും അനുബന്ധ സാമ്പത്തിക വ്യവഹാരങ്ങളും കൗതുകകരമായി അനുഭവപ്പെട്ടേക്കാം. നികുതി പിരിക്കാന്‍ വടകരയില്‍ നിന്നും തരുവണയില്‍ എത്തിയ നമ്പൂരിക്കണ്ടി പക്രന്‍ ബാങ്കിലൂടെയല്ലാതെ മറ്റെങ്ങനെയാണ് തന്റെ വംശാവലിയുടെ ചരിത്ര ദൗത്യം തുടരുക എന്നു തോന്നിപ്പോകും ഈ കഥകള്‍ വായിച്ചാല്‍. ഇങ്ങിനെ ഒന്നാമത്തെ തരുവണയെ കുറിച്ചുള്ളത് കഥയും രണ്ടാമത്തെ തരുവണയെകുറിച്ചുള്ളത് ചരിത്രവും എന്ന നിലയിലാണ് അലിയുടെ ആഖ്യാന കൗശലം പ്രവര്‍ത്തിക്കുന്നത്.
ചുരുക്കത്തില്‍, വരികള്‍ക്കിടയില്‍ തന്റെ വംശാവലിയുടെ ഭൂതകാല കുളിരിനെ പുരാണവും ഗതകാല മഹത്വങ്ങളുടെ ബഡായി പറച്ചിലുകളും കുത്തി നിറച്ച് അവതരിപ്പിക്കുമ്പോള്‍ തന്നെ, പാവപ്പെട്ടവന്റെ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന, ദരിദ്രരായ മനുഷ്യരെ കോമിക് വത്കരിച്ചു കൊണ്ട് കഥാകാരന്‍ നടത്തുന്ന മഷികുടയല്‍, പ്രാദേശികതയെയും തറവാട് സ്വത്വങ്ങളെയും കേന്ദ്രീകരിച്ചു കൊണ്ട് രൂപപ്പെട്ടുവരുന്ന പുതിയ സാഹിത്യ സംസ്‌കാരങ്ങളുടെ ജനിതക സ്വഭാവത്തെ സന്ദര്‍ഭ വത്കരിക്കാന്‍ സഹായിക്കും. ഒരു കാലത്തെ, പ്രാദേശികതയിലോ, ദേശീയതയിലോ ഇടമില്ലാതിരുന്ന ദളിത് പിന്നാക്ക വിഭാഗങ്ങള്‍, കഥാപാത്രങ്ങള്‍ സാഹിത്യ ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ‘എവിടെ നിന്നോ’ (ലഹലെംവലൃല) ആണ്. കാരണം അവര്‍ക്ക് നാടോ ഊരോ ഇല്ല. അത്തരം സാഹിത്യ ആഖ്യാനങ്ങളെ മറികടന്ന് പുതിയ ആഖ്യാന രീതികള്‍ മലയാളത്തില്‍ വ്യാപകമായി. അത്തരമൊരു ഘട്ടത്തിന് ശേഷമാണ് പ്രാദേശികതയെ മുന്‍ നിര്‍ത്തിയുള്ള പുതിയ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കുടുംബ പുരാണങ്ങള്‍ ആയും മറ്റും മലയാളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നും പുറപ്പെട്ടുപോയ ദളിത് പിന്നാക്ക കഥാപാത്രങ്ങള്‍ ഇത്തരം പുതിയ ആഖ്യാനങ്ങളില്‍ ഒന്നുകില്‍ ഫാന്റസികളില്‍ ജീവിക്കുന്നവരാണ്, അല്ലെങ്കില്‍ ജിന്നുകളുടെയും മൃഗങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നവരാണ്. ഇത്തരത്തില്‍ പഴയ ഫ്യുഡല്‍ നൊസ്റ്റാള്‍ജിയ പുതിയ കാലത്ത് എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് അലി പള്ളിയാലിന്റെ തരുവണ കഥകള്‍. പണ്ട്, കോളേജിലെ റാഗിങ്ങില്‍ നിന്നും രക്ഷപ്പെടാനാണ് കഥ പറഞ്ഞിരുന്നതെങ്കില്‍, ദളിത് പിന്നാക്ക ആഖ്യാനങ്ങള്‍ സൃഷ്ടിച്ച അസ്തിത്വ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് പുതിയ ‘ബഡായി പറച്ചില്‍’ എന്ന വ്യത്യാസമേ ഉള്ളൂ.