ശ്രീകുമാര്‍ ചെന്നിത്തല
മലയാള സിനിമയിലെ പ്രഗല്‍ഭനായ നിര്‍മ്മാണ സംഘാടകനാണ് ശ്രീകുമാര്‍ ചെന്നിത്തല. ശ്രീകുമാരന്‍ തമ്പിയാണ് ശ്രീകുമാറിനെ അനുഗ്രഹിച്ച് സിനിമാ രംഗത്തേക്ക് ആനയിച്ചത്. തൊണ്ണൂറുകളില്‍ തന്റെ സുഹൃത്തായ അജിത്തിനൊപ്പം ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിക്കാനുള്ള മോഹവുമായിട്ടാണ് ശ്രീകുമാര്‍ തമ്പിയെ സമീപിച്ചത്. നാനയുടെ ലേഖകന്‍ സി.കെ. അജയ് കുമാറാണ് ശ്രീകുമാറിനെ തമ്പിക്ക് പരിചയപ്പെടുത്തുന്നത്. എന്നാല്‍ പണവുമായി തന്നെ തേടി എത്തിയ ശ്രീകുമാറിനും സുഹൃത്തിനും മുന്‍ പരിചയം ഇല്ലാതെ സിനിമയിലേക്ക് എടുത്തു ചാടി പൈസ കളയരുത് ആദ്യം സിനിമയെ കുറിച്ച് മനസ്സിലാക്കി വരൂ എന്ന ഉപദേശമാണ് തമ്പി നല്‍കിയത്. ആ സമയത്ത് ‘അക്ഷയപാത്രം ‘ എന്ന സീരിയല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യാനുള്ള ഒരുക്കത്തില്‍ കൂടിയായിരുന്നു ശ്രീകുമാരന്‍ തമ്പി. അനുഭവം നേടാനായി തന്നേയും ഒപ്പം കൂട്ടണമെന്ന ശ്രീകുമാറിന്റെ അഭ്യര്‍ത്ഥന ശ്രീകുമാരന്‍തമ്പി സ്വീകരിച്ചു.അങ്ങനെ എതാനും വര്‍ഷം തമ്പിക്കൊപ്പം നിന്ന് അനുഭവം നേടിയ ശേഷമാണ് ശ്രീകുമാര്‍ ചെന്നിത്തല സിനിമയിലെത്തുന്നത്. തമ്പിയാണ് പേരിനൊപ്പാം ചെന്നിത്തല എന്ന സ്ഥലപ്പേരു കൂടി ചേര്‍ത്ത് ശ്രീകുമാറിന് ഐഡന്‍ഡിറ്റി നല്‍കുന്നത്.
ഷാജി തൈക്കാടിന്റെ സംവിധാനത്തില്‍ മിനി നായര്‍ അഭിനയിച്ച ‘മദര്‍ തെരേസ’ എന്ന സിനിമയിലൂടെയാണ് ശ്രീകുമാര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമാ രംഗത്ത് ചുവട് വെച്ചത്. ശേഷം ‘ ശിക്കാരി ശംഭു ‘, ‘ സഖാവ് ‘, ‘ ഭയ്യാ ഭയ്യാ ‘, സ്ട്രീറ്റ് ലൈറ്റ്’, ‘ തിരുമാലി ‘ ഉള്‍പ്പെടെ പതിനഞ്ചില്‍ പരം സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായും കണ്‍ട്രോളറായും പ്രവര്‍ത്തിച്ച ശ്രീകുമാറിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും അനുഭവവും ആയത് മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാണ്ട ഹിറ്റ് സിനിമയായ 2018 ആണ്.
ആന്റോ ജോസഫാണ് 2019 ല്‍ വിശ്വസിച്ച് ഈ പ്രോജക്ട് ഏല്‍പ്പിക്കുന്നത്. ആന്റോയോടുള്ള കടപ്പാട് എന്നും ഉണ്ടാവും എന്നും പറയുന്ന ശ്രീകുമാര്‍, നിര്‍മ്മാതാവിന്റെ സേവകരും രക്ഷകരുമാവണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന കാഴ്ചപ്പാടുകാരനാ ണ്. ഇദ്ദേഹത്തിന്. അനാവശ്യ ചെലവുകള്‍ കണ്ടെത്തി നിര്‍മ്മാണ ചെലവുകള്‍ നിയന്ത്രിച്ച് അതേ സമയം സിനിമയുടെ ഗുണ നിലവാരത്തില്‍ കുറവു വരാതെ മികച്ച ഉത്പന്നമാക്കി സിനിമ നിര്‍മ്മാതാവിന്റെ കൈകളിലേക്ക് നല്‍കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നതാണ് ശ്രീകുമാറിന്റെ സിദ്ധാന്തം. അതു കൊണ്ടു തന്നെ ഒരു സിനിമക്ക് ഹരിശ്രീ കുറിക്കുന്നതു മുതല്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത് വരെ തന്റെ സാന്നിധ്യം ആ പ്രോജക്ടില്‍ നിര്‍മ്മാതാവിനൊപ്പം ഉണ്ടാകും എന്ന് ശ്രീകുമാര്‍ പറയുന്നു.
താന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച 2018 ന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് ശ്രീകുമാര്‍ ചെന്നിത്തല. നാദിര്‍ഷാ റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ യുടെ അണിയറയിലാണിപ്പോള്‍ ശ്രീകുമാര്‍.