‘കേരളീയം ലിവിങ്ങ് മ്യൂസിയം’ വൈകൃതമനോഭാവത്തിന്‍റെ സൃഷ്ടി

Kozhikode

കോഴിക്കോട്: കേരളീയം സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി കേരളസര്‍ക്കാര്‍ അവതരിപ്പിച്ച ലിവിങ്ങ് മ്യൂസിയം ഇപ്പോഴും നിലനിന്നുകൊണ്ടിരിക്കുന്ന വൈകൃതമനോഭാവത്തിന്റെ സൃഷ്ടിയാണെന്ന് ഗോത്രഗവേഷകനായ പ്രേംകുമാര്‍. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി ‘തിര’യില്‍ നടന്ന ‘ഗോത്രീയത സര്‍ഗാത്മകതയുടെസമകാലം’ എന്ന സെഷനില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.

കാലങ്ങളോളം ദലിത് സാഹിത്യങ്ങളുടെ ഭാഗമായി മാത്രം പരിഗണിച്ചുപോന്നിരുന്ന ഗോത്രീയതക്ക് ഗോത്രസാഹിത്യങ്ങളുടെ വരവ് പുതിയ അസ്തിത്വമാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗോത്രസാഹിത്യവും മുഖ്യധാര സാഹിത്യങ്ങളുടെ തിരസ്‌കരണ സ്വഭാവങ്ങളും മലയാള സാഹിത്യത്തിലെ പരിണാമങ്ങളും ചര്‍ച്ചചെയ്യപ്പെട്ട വേദിയില്‍ പ്രമുഖ ഗോത്ര സാഹിത്യക്കരായ പി. ശിവലിംഗന്‍, ധന്യ വേങ്ങച്ചേരി, അജിത് ശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.

മലയാള സാഹിത്യം വിശാലമായി വികസിച്ച് ഗോത്ര സാഹിത്യത്തെയും കീഴാള സാഹിത്യത്തെയും ഉള്‍കൊള്ളുന്ന കേരള സാഹിത്യം എന്ന നിലയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെന്ന് ശിവലിംഗന്‍ അഭിപ്രായപ്പെട്ടു. കാവുകളും സാംസ്‌കാരിക ചിഹ്നങ്ങളുമെല്ലാം ഹൈന്ദവവത്കരിക്കപ്പെടുന്ന കാലത്ത് ഗോത്ര സാഹിത്യങ്ങള്‍ പറഞ്ഞുവെക്കുന്നത് കൃത്യമായ രാഷ്ട്രീയമാണെന്ന് ധന്യ വേങ്ങച്ചേരി കൂട്ടിച്ചേര്‍ത്തു.