പി കെ മുഹമ്മദിന്‍റെ ആത്മകഥ പ്രകാശനം ചെയ്തു

Kozhikode

കോഴിക്കോട്: പാർട്ടിയുടെ നയ നിലപാടുകളോട് സമരസപ്പെടുമ്പോൾ തന്നെ യുവജന വിഭാഗങ്ങൾ തിരുത്തൽ ശക്തിയാവണമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. പി.കെ.മുഹമ്മദിന്റെ ‘ജീവിതത്തിന്റെ പുറമ്പോക്കിലൂടെ ഒരാൾ’ എന്ന ആത്മകഥ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അധ്യക്ഷനായി.

എല്ലാത്തിനും മൂകമായി സാക്ഷികളാകേണ്ടവരല്ല യുവാക്കൾ എന്ന് യുവ തലമുറയെ ബോധ്യപ്പെടുത്തിയ ആളാണ് മുസ്‌ലിംയൂത്ത് ലീഗിന്റെ സ്ഥാപക നേതാവായ പി.കെ.മുഹമ്മദ് എന്ന് ഇ.ടി പറഞ്ഞു.മൂല്യബോധമുള്ള നേതൃത്വത്തെ സൃഷ്ടിച്ചെടുക്കാൻ കഠിനാധ്വാനം ചെയ്ത അദ്ദേഹം പ്രലോഭനങ്ങൾക്ക് ഒരിക്കലും വഴങ്ങിയില്ല. അതു കൊണ്ടു തന്നെ ജീവിതത്തിന്റെ പുറമ്പോക്കിലൂടെ ഒരാൾ എന്ന തലക്കെട്ട് അർഥവത്താണ്. മുഖ്യധാരയിലേക്ക് തിക്കിത്തിരക്കി ഒരിക്കലും വന്നിട്ടില്ല- ഇ.ടി.പറഞ്ഞു.

മുൻ മന്ത്രി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അനുഗ്രഹ ഭാഷണം നടത്തി. പ്രസാധകനായ വി.പി .മുഹാദിനും കവർ രൂപകല്പന ചെയ്ത ഫൈസൽ പുത്തലത്തിനും പി.കെ.കെ. ബാവ ഉപഹാരങ്ങൾ നൽകി. പി.കെ.മുഹമ്മദിന് കോഴിക്കോട് സംയുക്ത മഹല്ലു ജമാഅത്ത് ഉപഹാരം ഖാസി മുഹമ്മദ് കോയ തങ്ങൾ സമ്മാനിച്ചു. പി.ടി. തുഫൈൽ പുസ്തകം ഏറ്റുവാങ്ങി.

ഡോ.എം.എൻ. കാരശ്ശേരി, മുസ്‌ലിംയൂത്ത്‌ലീഗ് മുൻ ജനറൽ സെക്രട്ടറി സി. മമ്മൂട്ടി, ടി.സി മുഹമ്മദ്, നവാസ് പൂനൂർ, കെ.മൊയ്തീൻകോയ, ഇ.പി മുഹമ്മദ്, ആഷിക് ചെലവൂർ, പി.കെ. മുഹമ്മദ് സംസാരിച്ചു. ടി.പി. ചെറൂപ്പ സ്വാഗതവും സി.പി.ഇഖ്ബാൽ നന്ദിയും പറഞ്ഞു.