ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്‍റെ ബന്ധുക്കളെ പ്രതിചേര്‍ക്കും

Kerala

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. അറസ്റ്റിലായ ഡാക്ടര്‍ റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

അതേസമയം, റുവൈസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതില്‍ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷഹ്നയുടെ മരണത്തിന് കാരണമായതെന്നാണ് ഉള്ളത്. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പിലുള്ളത്. ഒന്നര കിലോ സ്വര്‍ണ്ണവും ഏക്കര്‍കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്റെ പുറകില്‍ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്.