എം കെ രാമദാസ്
തിരുവനന്തപുരം: ഭൂമിയില്‍ തിന്മ വാഴാത്ത ഒരിടം അടയാളപ്പെടുത്തുകയാണ് ജാപ്പാനീസ് സംവിധായകനായ റിഷുകെ ഹമഗുച്ചി. ജപ്പാനിലെ ടോകിയോ വിനടുത്തെ ഒരു ഗ്രാമത്തെയാണ് അദേഹം ഇതിന്നായി കണ്ടെത്തിയത്. ലോക സിനിമ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ പ്രമേയം, മണ്‍മറഞ്ഞ ചലചിത്ര മാഹാപ്രതിഭകള്‍ നിരവധി തവണ പറയാന്‍ ശ്രമിച്ചതാണ്. പ്രകൃതിയുടെ സ്വാഭാവികതക്കെതിരെയുള്ള അധിനിവേശം സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ് ഇവരെല്ലാം വിശകലനത്തിന് വിധേയമാക്കിയത്. അവരുടെ ദീര്‍ഘ മനനത്തിന്റെ ഫലം ക്ലാസ്സിക്കുകളായി തിരശ്ശീലയില്‍ മുന്നിലുണ്ട്.
നഗരത്തില്‍ നിന്നകലെയൊരിടത്ത്, മിസുബികി ഗ്രാമത്തില്‍, സുഖവാസ കേന്ദ്രങ്ങള്‍ പണിയാനുദ്ദേശിക്കുന്ന നഗരകേന്ദ്രീകൃത കമ്പനിയും അവര്‍ നിയോഗിക്കുന്ന രണ്ടു തൊഴിലാളികളും ഒരുവശത്തും തദ്ദേശിയരായ മനുഷ്യര്‍ മറുഭാഗത്തുമായുള്ള സംഘര്‍ഷമാണ് സിനിമ. മിസുബികിയിലെ സാധാരണ കുടുംബങ്ങളിലൊന്നാണ് തകമിയുടേത്. മകള്‍ ഹന്നയോടൊത്തുള്ള അയാളുടെ വാസം ഗ്രാമവുമായുള്ള ജീവബന്ധം നിറഞ്ഞതാണ്.
വന്യമായ ദേശവും കാട്ടുചോലയും സസ്യലതാതികളും തടാകവുമെല്ലാം മനുഷ്യാവസ്ഥകളുടെ പുനരാവിഷ്‌കാരമായി അവതരിപ്പിക്കുവാന്‍ ഇവിടെ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. നിമ്‌നോന്നതമായ ഈ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും കക്കൂസ് ടാങ്കുകള്‍ ശുദ്ധജലം മലിനപ്പെടാന്‍ കാരണമാവും എന്ന് ആശങ്കപ്പെടുന്ന ഗ്രാമവാസികളാണ് ഇവിടയുള്ളത്. അവിടുത്തെ വന്യതയില്‍ മാത്രം വരുന്ന ഒരു പ്രത്യക തരം വള്ളിച്ചെടിയുടെ ഇല അവര്‍ക്ക് നല്‍കുന്ന ആരോഗ്യ സുരക്ഷയെല്ലാം റിഷുകെ പറയുന്നുണ്ട്.
പ്രധാന കഥാപാത്രമായ ഹന്ന ഏറ്റുവാങ്ങുന്ന മുറിവാണ് ചിത്രിത്തിന്റെ അന്ത്യത്തെ ഹൃദയാലുവാക്കുന്നത്. മനുഷ്യരുടെ ദുരയ്ക്ക് വിധേയമാവുന്ന ഭൂമിയുടെ വേദന മനുഷ്യവംശത്തിന് വേണ്ടി നിഷ്‌കളങ്കയായ ഈ പെണ്‍കുട്ടി സ്വീകരിക്കുന്നുവെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ രംഗം.