എ വി ഫര്‍ദിസ്
ഉയരങ്ങളിലേക്കെത്തും തോറും കൂടുതല്‍ വിനയാന്വിതനായി മാറുകയെന്നതാണ് മഹത്തുക്കളുടെ ലക്ഷണം. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ സിനിമാ രംഗം ഇതിനു നേരെ വിപരീതമായ രീതിയിലാണ് ചിന്തിക്കുന്നതും പലപ്പോഴും പ്രവര്‍ത്തിക്കുന്നതുമെല്ലാം. വന്ന വഴി മറക്കുകയെന്നതു മാത്രമല്ല, ഉയര്‍ച്ചയിലേക്കുള്ള വഴിയില്‍ തനിക്കു താങ്ങായവര്‍ക്കെല്ലാം തിരിച്ച് ഏതെങ്കിലും നിലക്ക് പാരവെക്കുന്ന രീതിയിലേക്ക് വരെ ഇത് പലപ്പോഴും എത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും നേരെ വിപരീതമായവരുമുണ്ട് മലയാള സിനിമാ ലോകത്ത്. അത്തരമൊരാളാണ് സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും മനസ്സിലിടം പിടിച്ച സിദ്ദീഖ് എന്ന സംവിധായകന്‍.
ഒരു പത്രവര്‍ത്തകന്‍ എന്ന നിലക്കാണ് രണ്ട് പതിറ്റാണ്ട് മുന്‍പ് ഇദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത്. പിന്നീടത് ഒരു ജ്യേഷ്ഠ സഹോദര തുല്യ ബന്ധത്തിലേക്കെത്തുകയായിരുന്നു. ഇടയ്ക്കിടക്കുള്ള ഫോണ്‍ വിളികളിലൂടെ അത് തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ ചുറ്റുപാടും ഞാനുമെല്ലാം എഫ്.ബി, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റാം ഗ്രാം, ട്വീറ്റര്‍ എന്നിങ്ങനെ പലവിധത്തില്‍ സാങ്കേതികമായി മാറിയെങ്കിലും, സിദ്ദീഖ്ക്കയെ കിട്ടണമെങ്കില്‍ പഴയ പോലെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ തന്നെ വിളിക്കണം. വളരെ പതിഞ്ഞ സ്വരത്തില്‍ എനിക്ക് വാട്ട്‌സ് ആപ്പ് അക്കൗണ്ടൊന്നുമില്ലാട്ടോ എന്ന് അദ്ദേഹം വിനയത്തോടെ സാധാരണക്കാരനോടും മുതിര്‍ന്ന വി.വി.ഐ.പി കളോടുമെല്ലാം പറയുമ്പോള്‍, അതാര്‍ക്കും ഇയാളെന്ത് മനുഷ്യനാ എന്ന തോന്നലല്ലാ മറിച്ച് അപ്പം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന സിനിമാ രംഗത്തില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നിലപാടിന്റെ, നയം വ്യക്തമാക്കലായാണ് കണ്ടിരുന്നത്.
ഇതാണ് സിദ്ദീഖ്, വേറിട്ട് ചിന്തിക്കുകയും അതിനനുസരിച്ച് വേറിട്ട് പ്രവര്‍ത്തിക്കുകയും അങ്ങനെ സിനിമാ ലോകത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്ത ആളാണ്. ഏതെങ്കിലും ഒരു സിനിമ 50 ദിവസം പിന്നീടുമ്പോഴേക്ക്, നടന്മാരെ പോലെ താരപരിവേഷം സ്വയം എടുത്തണിയുന്ന പല സംവിധായകര്‍ക്കിടയിലാണ് ഹിന്ദിയിലും തമിഴിലുമൊക്കെ നൂറു കോടി ക്ലബ്ബിലെത്തിയ ഈ ഹിറ്റ് മേക്കര്‍ , ഫാസിലിന്റെ സഹ സംവിധായകനായപ്പോഴുള്ള പെരുമാറ്റത്തില്‍ നിന്ന് ഒരണുമണിതൂക്കം മാറാതെ തന്റെ ജീവിതം ജീവിച്ചു തീര്‍ത്തത്. ഉയര്‍ച്ചയുടെ വഴികളിലൂടെ മുകളിലോട്ട് സഞ്ചരിക്കുമ്പോഴും , വന്ന വഴി മാത്രമല്ല, അതിന് കാരണക്കാരായവരെയും ഒന്നു മല്ലാത്തപ്പോഴും താങ്ങും തണലുമായി നിന്ന കുടപിറപ്പുകളുടെയുമെല്ലാം കാരണവരും അത്താണിയും തന്നെയായിരുന്നു ഇദ്ദേഹം. എല്ലാ പെരുന്നാള്‍ ദിനങ്ങളിലെ സായാഹ്നങ്ങള്‍, സഹോദരിമാരും അവരുടെ മക്കളുമെല്ലാമടക്കമുള്ളവരുടെ കുടുംബത്തിന്റെ ഒത്തുചേരലുകളായി സിദ്ദീഖ്ക്കയുടെ വീടകം മാറിയതും ഈ ബോധം അദ്ദേഹത്തിനുള്ളതു കൊണ്ടായിരുന്നു.
നല്ലൊരു ദൈവ വിശ്വാസിയായിരുന്നതിനാല്‍, സിനിമയില്‍ നിന്നു ലഭിക്കുന്ന സമ്പത്തില്‍ ഒരു ഭാഗം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി ഇരു ചെവിയറിയാതെ അദ്ദേഹം നല്കുമായിരുന്നു. മലബാറിലെ പല ഭാഗങ്ങളില്‍ നിന്നു വരുന്ന ഇത്തരം അപേക്ഷകളുടെ നിജസ്ഥിതി അറിയാന്‍ പലപ്പോഴും ഈ ലേഖകനെയാണ് ചുമതലപ്പെടുത്താറ്. അതാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കുവാന്‍ കാരണമായതും.
കോഴിക്കോടിനെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഇവിടത്തെ ഭാഷയിലെ കോഴിക്കോടന്‍ സ്ലാംഗായിരുന്നു. മാമുക്കോയ എന്ന നടനില്‍ താന്‍ കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റും അതാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഞങ്ങള്‍ കോഴിക്കോടിനു പുറത്തുള്ളവര്‍ക്കേ അതിന്റെ വ്യത്യസ്ത തിരിച്ചറിയുവാന്‍ സാധിക്കൂ. നിങ്ങള്‍ക്കത് മനസ്സിലാകില്ല. പലപ്പോഴും സിദ്ദീഖ്ക്ക ഇതു പറയാറുണ്ടായിരുന്നു.
ഏറ്റവുമവസാനം മാമുക്കോയ മരിച്ചപ്പോഴും വിളിച്ചപ്പോള്‍ ഇതാവര്‍ത്തിച്ചിരുന്നു. പിന്നീട് മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയ അദ്ദേഹം, മാമുക്കോയയുടെ മനോഹരമായ കൈയ്യക്ഷരത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മക്കളോട് സംസാരിച്ചത്. കൊയിലാണ്ടിയില്‍ ഒരവാര്‍ഡ് ദാന ചടങ്ങിലേക്കാണ് അവിടെ നിന്ന് പോയത്. ഇതിനിടക്ക് മലയാള സിനിമയില്‍ രാശിയുള്ള ഷൂട്ടിംഗ് ലൊക്കേഷന്‍ എന്ന് പേരു വീണ, ഗോഡ് ഫാദറിലെ അഞ്ഞൂറാന്റെ വീടിന് മുന്നിലൂടെയാണ് കടന്നുപോയത്.
പയ്യാനക്കല്‍ എന്ന സ്ഥലത്തായിരുന്നു വീട്.അല്പ സമയം കാര്‍ അവിടെ നിര്‍ത്തിയ അദ്ദേഹത്തോട് ഗെയിറ്റിന് മുന്നില്‍ നിന്ന് ഒരു ഫോട്ടോ എടുത്തു ടേയെന്ന് ചോദിച്ചപ്പോള്‍ പിന്നീടൊരിക്കല്‍ ഇവിടെ വന്ന് വീണ്ടും അഞ്ഞൂറാന്റെ വീടകമെന്നാകെ നടന്ന് ചുറ്റിക്കാണണമെന്ന് പറഞ്ഞ് കൈവീശി യാത്രയാകുകയായിരുന്നു , ഇനിയൊരിക്കലും അഞ്ഞൂറാന്റെ വീട്ടിലേക്ക് കടന്നുവരുവാന്‍ പറ്റാത്ത അവസാന യാത്ര പറച്ചിലായിരുന്നുവെന്നറിയാതെ…..
(കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി കണ്‍വീനറാണ് ലേഖകന്‍)