കുട്ടിയെ കൊലപ്പെടുത്തി തൂങ്ങി മരണം; വിമുക്ത ഭടനും കോളെജ് അധ്യാപികയും വിവാഹിതരായിട്ട് മാസങ്ങള്‍ മാത്രം, കൊലപ്പെടുത്തിയ കുഞ്ഞ് ആദ്യ ബന്ധത്തിലേത്

Kannur

കണ്ണൂര്‍: മടിക്കേരിയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍, ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 11 വയസുകാരിരെ കൊലപ്പെടുത്തിയ ശേഷമാണ് ദമ്പതിമാര്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.

കൊല്ലത്ത് ബിസിനസ് നടത്തുകയായിരുന്നു ദമ്പതികളെന്ന് പോലീസ് അറിയിച്ചു. വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദ് കോട്ടയം അയ്മനം സ്വദേശിയായ ആദ്യ ഭാര്യയുമായും ജിബി ഏബ്രഹാം കാസര്‍കോട് സ്വദേശിയായ ആദ്യ ഭര്‍ത്താവുമായും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. വിനോദിന് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജെയ്ന്‍ മരിയ. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

മടിക്കേരിയിലെ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. കാറിലാണ് എത്തിയത്. പിറ്റേന്നു രാവിലെ ചെക്ക്–ഔട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും 11 മണിയായിട്ടും ആരെയും പുറത്തു കണ്ടില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കരസേനയിലായിരുന്നു വിനോദിന് ജോലി. 2012ല്‍ അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തിരുവല്ല മാര്‍ത്തോമ്മാ കോളജ് ബയോടെക്‌നോളജി വിഭാഗം അധ്യാപികയായ ജിബി ഏബ്രഹാമുമായി അടുപ്പത്തിലായത്. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തത്. തിരുവല്ലയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം.