‘ ദ് പണിഷ്‌മെന്‍റ് ‘ അന്നമ്മാളും അര്‍ജന്‍റീനിയന്‍ യുവതി അനയും

Cinema

എം കെ രാമദാസ്

തിരുവനന്തപുരം: കുന്നുകുഴിയിലേയ്ക്കുള്ള പാതക്കരികില്‍ പെട്ടിക്കട നടത്തുന്ന വൃദ്ധയായ അന്നമ്മാളും അര്‍ജന്റീനയിലൊരിടത്ത് ജീവിക്കുന്ന അന എന്ന യുവതിയെയും ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും ഒറ്റനോട്ടത്തിലില്ല. കേരളത്തില്‍ എവിടെയോ ഒരിടത്ത് ജീവിക്കുന്ന കുറിപ്പെഴുത്തുകാരനും മേല്‍പറഞ്ഞ ഇരുവരുമായി അടുപ്പത്തിനുള്ള സാധ്യതയുമില്ല. എന്നാല്‍ എല്ലാം കോര്‍ത്തിണക്കാന്‍ ശേഷിയുള്ള മാധ്യമമാണ് സിനിമയെന്ന കലാരൂപം.

രാജ്യാന്തര ചലചിത്ര മേളയ്ക്കായി തിരുവനന്തപുരത്തെത്തിയ ഈ ലേഖകന് താമസിക്കാന്‍ ഇടം നല്‍കിയത് മനുഷ്യ സ്‌നേഹിയായ വൈദികന്‍ ഫാദര്‍ ബേബി ചാലിലാണ്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഐക്കഫ് ആസ്ഥാനത്തെ മുറികളിലൊന്നില്‍ കഴിയുന്നിതിനിടെയാണ് ഏതാണ്ട് എഴുപത്തിയഞ്ചിനടുത്ത് പ്രായമുള്ള അന്നമ്മാളെ കാണുന്നതും മിണ്ടുന്നതും. അതിന് നിദാനമായതാവട്ടെ അവര്‍ ചങ്ങലയിട്ട് വാതിലില്‍ ബന്ധിച്ചിരിരുന്ന ശുനകന്റെ ക്രൗര്യ ചലനവും കുരയും. ചാനലില്‍ സഹപ്രവര്‍ത്തകനായിരുന്ന ബിജു കോന്നിയോടൊപ്പം ചായയന്വേഷിച്ചാണവിടെ ചെന്നതെങ്കിലും പുകവലിയിലൊതുക്കേണ്ടിവന്നു ആഗ്രഹം. എന്നാല്‍, ഒരല്പസമയം കൊണ്ട് ഞങ്ങളെ പേടിപ്പിച്ച ആ സാധുജീവിയെ സംബന്ധിച്ചും പുത്രനഷ്ടത്തില്‍ തളര്‍ന്നു പോയ സ്വജീവിതത്തെക്കുറിച്ചും അന്നമ്മാള്‍ തമിഴ്ചുവയോടെ പറഞ്ഞു.

ദ് പണിഷ്മെന്‍റിലെ ഒരു രംഗം

‘ ഞാന്‍ നാഗര്‍കോവിലുകാരിയാണ്. കുമരേശന്‍ കല്യാണം കഴിച്ചു കൊണ്ടു വന്നതാണ്. രണ്ടുമക്കളുണ്ട്. മൂത്തത് മകനാണ്. ഈ കടയാണ് ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം അന്നുമിന്നും. മകന് ചെറിയ ജോലിയൊക്കെയുണ്ടായിരുന്നു. അവന്‍ വിവാഹിതനാവുകയും ഒരു കുട്ടി ജനിക്കുകയും ചെയ്തു. അവന്റെ കുടുംബജീവിതം അലങ്കോലപ്പെട്ടതും ഭര്‍ത്താവിന്റെ മരണവും ഏതാണ്ട് ഒരേ കാലത്താണ് സംഭവിച്ചത്. പതിനാറ് കൊല്ലം മുമ്പ് കുമരേശന്‍ പോയി. അതിനടുത്ത നാളുകളിലൊന്നില്‍ മകന്റെ ഭാര്യ കുട്ടിയെയുമെടുത്ത് അവനെ പിരിഞ്ഞു പോയി. ഇതിനകം മകളെ തമിഴ്‌നാട്ടിലൊരിടത്തേയ്ക്ക് കല്യാണം കഴിച്ചയച്ചു.

അങ്ങിനെ ഞാനും മകനും ഇവിടെ ഒറ്റക്കായി. ജീവിതത്തെ സംഘര്‍ഷ രഹിതവും സമാധാനപരവുമാക്കാനൊന്നും മകനെക്കൊണ്ടു കഴിഞ്ഞില്ല. സങ്കടപ്പെടുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാനും കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ മരണശേഷമാണ് ഞാനീ കടയില്‍ സ്ഥിരമായി വരുന്നത് . മകന്‍കൂടി പോയതോടെ ഇവിടെത്തന്നെയായി. അഞ്ചുമാസംമുമ്പാണത്. മകന് അമ്പത് വയസ്സായിരുന്നു . തൊട്ടടുത്ത് തന്നെയുള്ള ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടത്. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ആ കാഴ്ച. സദാസമയം അവനോടൊപ്പമുണ്ടായിരുന്ന ഈ പട്ടി മാത്രം ദിവസങ്ങളോളം കുരച്ചു കൊണ്ടോടി നടന്നു. ചുവന്ന കാറുകള്‍ കാണുമ്പോള്‍ കുരച്ചു ചാടി ,അവയുടെ പിന്നാലെയോടി.

കരഞ്ഞ് തളര്‍ന്നുപോയ എനിക്ക് എന്തു ചെയ്യാനാവും. അവനെ ആരോ കൊന്നതാണ്. അവനങ്ങിനെ വീഴുകയൊന്നുമില്ല. പോലീസിന്റെയടുത്ത് എന്റെ സംശയങ്ങളെല്ലാം പലതവണ ഞാന്‍ പറഞ്ഞു. ഒരു കാര്യവുമുണ്ടായില്ല. മാത്രമല്ല അവരൊന്നും എന്റെ ദുഖം കാണുന്നതേയില്ല. ഒരമ്മയുടെ തീരാദുഃഖം ‘ ശരിയ്ക്കും നടുങ്ങിപ്പോയി. അവരെ ഒന്നാശ്വസിപ്പിക്കാന്‍ പോലും ശ്രമിക്കാതെ ഞങ്ങള്‍ അവിടെ നിന്നും തിരികെ പോന്നു. ചില വേദനകള്‍ ശമനമില്ലാതെ മനുഷ്യരെ പിന്തുടര്‍ന്നുവരും. ഒര് നോവായ് അതങ്ങിനെ മനസ്സില്‍ മറഞ്ഞിരിക്കും.

രാജ്യാന്തര ചലചിത്ര മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ‘ദ പണിഷ്‌മെന്റ് ‘ എന്ന അര്‍ജന്റീനിയന്‍ സിനിമയിലെ നായികാ കഥാപാത്രമാണ് കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച അന. ഏഴുവയസ്സുകാരനായ മകന്‍ ലൂക്കായെ അന്വേഷിക്കുന്ന അന മാതൃത്വത്തിന്റെ മറ്റൊരു വായന സാധ്യമാക്കുന്നു. അല്‍പനേരത്തേക്കെങ്കിലും മകന്‍ നഷ്ടമായി എന്നു കരുതുന്ന അമ്മയുടെ അലമുറ ദേശ,ഭാഷാഭേദങ്ങള്‍ക്കപ്പുറം മനുഷ്യരുടെ ഉള്ളുലയ്ക്കും.

പണിഷ്മെന്‍റിലെ മറ്റൊരു രംഗം

കുടുംബ ബന്ധങ്ങളിലെ കാപട്യവും സ്‌നേഹരാഹിത്യവും വിശകലനം ചെയ്യാന്‍ ‘മറ്റിയസ് ബിസ് ‘സംവിധാനം ചെയ്ത ഈ ചലനചിത്രം കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു. അവിചാരിതവും താല്‍കാലികവുമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ നയിക്കുന്നത് തീരാ നഷ്ടങ്ങളുടെ ലോകത്തേക്കാണെന്ന് സിനിമ മുന്നറിയിപ്പ് തരുന്നു. തിരിച്ചറിവുകള്‍ തിരികെ കൊണ്ടുപോവുന്നത് ശാന്തി തീരങ്ങളിലെക്കാണെന്നും ഈ ചിത്രം പ്രതിപാദിക്കുന്നു. മകനെ ഉപേക്ഷിക്കപ്പെടുന്ന വനസ്ഥലിയുടെ രോദനമായി അനയെന്ന അമ്മയുടെ വേദന മാറുന്നു. ഈ നോവ് കാഴ്ചക്കാരുടെ ഹൃദയത്തിലാണ് പ്രതിധ്വനിക്കുന്നത്.സിനിമ ഒരു സാമൂഹ്യ ഉല്പന്നമാണ്. കല എന്ന നിലയില്‍ ചലചിത്രം പരിഹരിക്കുന്നത് സമൂഹ ചോദനകളെയാണ്. ഈ ദൗത്യം നിര്‍വഹിക്കുന്ന സിനിമകള്‍ ആസ്വാദകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.