വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാക്തീകരണം സാദ്ധ്യമാവൂ: ഡോ. ഹുസൈൻ മടവൂർ

Kozhikode

ന്യൂ ഡൽഹി : വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് ശാക്തീകരണം സാദ്ധ്യമാവുകയുളളുവെന്ന് ഹ്യുമൻ റിസോഴ്സ് ഡവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ഡൽഹി ചെയർമാൻ ഡോ ഹുസൈൻ മടവൂർ പറഞ്ഞു. അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷനൽസ് (AMP) ഡൽഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കൾചറൽ സെൻ്ററിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ എഛ് ആർ ഡി എഫ് നടത്തുന്ന വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രിയും ഇന്ത്യാ ഇസ്‌ലാമിക് കൾചറൽ സെൻ്റർ പ്രസിഡൻ്റുമായ സൽമാൻ ഖുർഷിദ്, മുൻ കേന്ദ്രതിരഞ്ഞെടുപ്പ കമ്മീഷൻ ഡോ. എസ്.വൈ ഖുറൈശി , ഡോ.വഹ്ജത്ത് ഹബീബുല്ലാഹ്, ഡോ. ഖാജാ ശഹീദ്, ആമിർ ഇദ്രീസി, ശൈഖ് ഒവൈസ് സരേഷ് വാലാ , സജ്ജാദ് പർവേസ് , ഡോ. അബ്ദുൽ അഹദ് , മുജ്തബാ ഖാൻ ലഖ്നൗ, അഡ്വ. അഫ്സൽ യൂസുഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യയിലെ നൂറ് പിന്നാക്ക ജില്ലകളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും അവിടങ്ങളിൽ അഞ്ഞൂറ് കോച്ചിംഗ് കേന്ദ്രങ്ങൾ തുടങ്ങാനും ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി അസോസിയേഷൻ ഭാരവാഹികൾ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തി സമാന മനസ്കരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കും. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം സംസ്ഥാന കോ ഓഡിനേറ്റർ കൂടിയായ ഡോ. ഹുസൈൻ മടവൂരിനെ ചുമതലപ്പെടുത്തി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനത്തിൽ പാർലിമെൻ്റ് അംഗങ്ങളായ സൻജയ് ദിനാ പാട്ടിൽ, ഇ.ടി. മുഹമ്മദ് ബഷീർ, ഫൗസിയ ഖാൻ, സിയാഉ റഹ്മാൻ ബർഖ്, ഇഖ്റാ ഹസൻ, അഡ്വ ഹാരിസ് ബീരാൻ തുടങ്ങിയവരും യൂണിവേഴ്സിറ്റി കോളെജ് പ്രൊഫസർമാരും ന്യൂനപക്ഷ പിന്നാക്ക വിദ്യാഭ്യാസ സ്ഥാപന മേധാവികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.