മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂര്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച നടന്‍ മാത്യൂ മാമ്പ്ര, മികച്ച സംവിധായകന്‍ ജി പ്രജേഷ്‌സെന്‍

Cinema

പി ശിവപ്രസാദ്

മൈസൂരു: മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത ‘കിര്‍ക്കന്‍’ എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം. റോഷാക്, ഇമ്പം, ചെരാതുകള്‍, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകള്‍. ഇതില്‍ ചെരാതുകളിലെ അഭിനയത്തിന് മുന്‍പ് സ്വീഡിഷ് അവാര്‍ഡ് ലഭിച്ചിരുന്നു.

‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളും പരാമര്‍ശിച്ച ‘ദ സീക്രട്ട് ഓഫ് വുമണ്‍’ ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ‘കോലാഹലം’ മികച്ച വിദേശ സിനിമക്കുള്ള പുരസ്‌കാരവും നേടി. ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള മുന്നൂറോളം സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചത്.

മൈസൂരു മഹാരാജാസ് കോളജ് സെന്റിനറി ഹാളില്‍ നടന്ന ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ കര്‍ണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബി.എ.എം.എ ഹരീഷ് മുഖ്യാതിഥിയായി. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തു.