വെല്ലുവിളിച്ച് ഗവർണർ തെരുവിലിറങ്ങി , കോഴിക്കോട് നാടകീയ രംഗങ്ങൾ, പൊലീസ് സംരക്ഷണം വേണ്ടെന്നും

Kerala

കോഴിക്കോട്: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ ഗവര്‍ണറുടെ പുതിയ നീക്കത്തില്‍ പകച്ച് സര്‍ക്കാര്‍. ഇന്ന് കോഴിക്കോട്ടാണ് ഗവര്‍ണര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് പൊലീസിനെ വട്ടം കറക്കിയത്. തനിക്കെതിരെ എസ് എഫ് ഐക്കാരെ ഇറക്കി പോരുമുറുക്കുന്ന സര്‍ക്കാറിനെതിരെയുള്ള പരസ്യവെല്ലുവിളിയാണ് ഗവര്‍ണര്‍ നടത്തിയത്. പ്രതിഷേധക്കാരെയും സര്‍ക്കാറിനേയും വെല്ലുവിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ ഇന്നലെ തനിക്കെതിരെ സംഘടിച്ചവര്‍ക്കെല്ലാം പൊലീസിന്‍റെ സഹായം ഉണ്ടായെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നതെങ്കില്‍ ഇത്തരം ബാനര്‍ ഉയര്‍ത്താന്‍ പൊലീസ് അനുവദിക്കുമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരെ സഹായിക്കുന്ന പൊലീസിന്‍റെ സംരക്ഷണം ആവശ്യമില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഡി ജി പിക്ക് കത്തയച്ചിട്ടുണ്ട്. ചെയ്യാനുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും സി പി എം എസ് എഫ് ഐയെ ഉപയോഗിച്ച് പ്രതിഷേധം നടത്തുകയും ചെയ്യുമ്പോഴാണ് പൊലീസിന്‍റെ സംരക്ഷണം ആവശ്യമില്ലെന്നും ചെയ്യാനുള്ളത് ചെയ്യാനുള്ള വെല്ലുവിളിയുമായി ഗവര്‍ണര്‍ തെരുവിലേക്കിറങ്ങിയത്.

‘കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാല്‍ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല’ ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മൂന്നിടത്താണ് തനിക്കെതിരെ അതിക്രമമുണ്ടായത്. അവസാനം താന്‍ കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്. കേരളത്തിലെ ജനങ്ങളില്‍ നിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് ഇഷ്ടമാണ്, ബഹുമാനമാണ്. ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂരിലെ ആക്രമങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങള്‍ക്കും പിന്നിലെന്ന് ആരുടേയും പേരെടുത്ത് പറയാതെ ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു.

സര്‍വ്വകലാശാലകളിലെ കാര്‍പെന്‍ഡര്‍ തസ്തികയില്‍ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സി പി എം ചെയ്യുന്നത്. എന്നാല്‍ സുപ്രീംകോടതി വിധിയോടെ സര്‍വ്വകലാശാലകളില്‍ സ്വന്തം ഇഷ്ടം നടപ്പാക്കാന്‍ ആകില്ലെന്ന് സി പി എം തിരിച്ചറിഞ്ഞിരിക്കുകയാണ്. സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തന്റെ ദൗത്യം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്ന എസ് എഫ് ഐക്കാര്‍ വിദ്യാര്‍ഥികള്‍ അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.