ചെന്നൈ: ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയയായ അമല ഷാജിക്കെതിരെ ആരോപണവുമായി തമിഴ് യുവതാരം പിരിയന്‍. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 30 സെക്കന്‍ഡുള്ള റീല്‍സ് ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപയാണ് അമല ചോദിച്ചതെന്ന് പിരിയന്‍ ആരോപിക്കുന്നു.
പിരിയന്‍ സംവിധാനം ചെയ്ത്, നായകനായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് താന്‍ അമലയെ സമീപിച്ചതെന്നും നടന്‍ വ്യക്തമാക്കി. അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും ഉള്‍പ്പെടെയാണ്, അത് കേട്ടപ്പോള്‍ തല കറങ്ങി പോയെന്നും പിരിയന്‍ പറയുന്നു. നായികയ്ക്ക് തന്നെ കൊടുക്കാന്‍ ശമ്പളം ഇല്ല, അപ്പോഴാണ് 30 സെക്കന്റിന് 2 ലക്ഷവും വിമാന ടിക്കറ്റുമെന്ന് പിരിയന്‍ പരിഹസിച്ചിരുന്നു.
എന്നാല്‍, ആരോപണത്തിന് പിന്നാലെ അമലയെ പിന്തുണച്ചും പിരിയനെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ രംഗത്തെത്തി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സ്വന്തമാക്കാന്‍ അമല ഷാജി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
‘സിനിമ ചെയ്യുമ്പോള്‍ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് മിനിറ്റ് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അന്‍പതിനായിരം രൂപയാണ്. നായികയ്‌ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അന്‍പതിനായിരം ചോദിക്കുന്നത്. അതും രണ്ട് സെക്കന്‍ഡിന്. കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി(അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാന്‍ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോള്‍ മുപ്പത്ത് സെക്കന്‍ഡ് റീല്‍ ആണ് സാര്‍ എന്നാണ് മറുപടി തന്നത്. ഇത്രയും സമയം ഡാന്‍സ് ചെയ്യാന്‍ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി. ആ കാശ് എനിക്കൊപ്പം ഉള്ളവര്‍ക്ക് കൊടുത്താന്‍ പകല്‍ മുഴുവന്‍ പണിയെടുക്കും. ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനെ ഫ്‌ലൈറ്റില്‍ കേറിയിട്ടില്ല. കേട്ടപ്പോള്‍ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇന്‍സ്റ്റാ?ഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്’, എന്നാണ് പ്രിയന്‍ പറഞ്ഞത്.