ഷഫ്‌ന ഷെറിന്‍റെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala

കണ്ണൂര്‍: പുല്ലൂക്കരയിലെ ഷഫ്‌ന ഷെറിന്‍ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ തുടര്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ചൊകഌ പൊലിസ് അന്വേഷിക്കുന്ന ഈ കേസ് ഇനി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ ഇന്‍ക്വസ്റ്റില്‍ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഷഫ്‌നയുടെ ബന്ധുകള്‍ തലശേരി എ.സി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

നേരത്തെ ഷഫ്‌നയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. കല്യാണം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ബന്ധുക്കളും തന്റെ മകളെ മാനസീകമായി പീഡിപ്പിച്ചു വന്നിരുന്നതായി ആരോപിച്ചു മാതാവ് ചൊക്ലി മേനപ്രം പെട്ടിപ്പാലത്തെ ആശാരി പുളിക്കല്‍ ഷാഹിദ പരാതി നല്‍കിയിരുന്നു.

ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ച കിണറില്‍ വെള്ളം വലിക്കുന്ന ബക്കറ്റ് ഇറക്കാന്‍ മാത്രമേ വിടവുള്ളൂ. ഇതിലൂടെ ഒരു മുതിര്‍ന്ന കുട്ടിക്ക് കിണറ്റില്‍ ചാടാനാവില്ല. മാത്രമല്ല, മകളുടെ രണ്ട്‌കൈത്തണ്ടയിലും കഴുത്തിലും മുറിവുണ്ടായിരുന്നു. കളിമുറിയില്‍ നിന്ന് രക്തപ്പാടുള്ള കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നല്ലത് പോലെ പഠിക്കുന്ന മകള്‍ക്ക് ബിരുദവും ബി.ബി.എ സര്‍ട്ടിഫിക്കറ്റുമുണ്ട്. ഒരു ജോലിക്ക് പോവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഭര്‍ത്താവ് വിലക്കിയതിനാല്‍ പിന്‍തിരിയുകയായിരുന്നുവെന്ന് ഷാഹിദ പറഞ്ഞു.