മുജാഹിദ് സംസ്ഥാന സമ്മേളനം: പന്തല്‍ നിര്‍മാണത്തിന് തുടക്കം

Kozhikode

കൊണ്ടോട്ടി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുള്ള വിശാലമായ പന്തലിന്റെ നിര്‍മാണോദ്ഘാടനം നിറഞ്ഞ സദസ്സില്‍ നടന്നു. ഒരു ലക്ഷത്തോളം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ നാല് ദിവസങ്ങളിലായി എത്തിച്ചേരുന്ന വന്‍ ജനാവലിക്ക് പരിപാടി വീക്ഷിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കുവാനും സൗകര്യപ്പെടുംവിധമുള്ള വിശാലമായ പന്തലാണ് നിര്‍മിക്കുന്നത്. ഇതിന് പുറമെ ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍, കിഡ്‌സ് പാര്‍ക്ക് എന്നിവക്കുള്ള ജര്‍മന്‍ പന്തലും അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും തയ്യാറാക്കുന്നുണ്ട്.

പ്രധാന പന്തലിന്റെ നിര്‍മാണോദ്ഘാടനം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ: ഇ.കെ അഹമ്മദ് കുട്ടി നര്‍വ്വഹിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനേകം അന്ധകാരങ്ങളില്‍ നിന്ന് മനുഷ്യനെ നാഗരികതയിലേക്ക് നയിക്കുന്ന വെളിച്ചമാണ് വിശുദ്ധ വേദം എന്ന് ഡോക്ടര്‍ ഇ കെ അഹമ്മദ് കുട്ടി. ചൂഷണവും അനീതികളും സമൂഹത്തെ നശിപ്പിക്കുമ്പോള്‍ മതം പ്രതിരോധം തീര്‍ക്കുകയും തിരുത്തല്‍ ശക്തി ആകുകയും ചെയ്യുകയാണെന്ന് ഇ കെ അഹമ്മദ് കുട്ടി പറഞ്ഞു. ലോകത്തെ ഏറ്റവും ക്രൂരമായ അധിനിവേശമാണ് പലസ്റ്റീനില്‍ നടക്കുന്നതെന്നും നീതി നടപ്പാക്കാന്‍ ലോക സമൂഹം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിതി ആക്റ്റിംഗ് ചെയര്‍മാന്‍ കെ.എല്‍.പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി മുഖ്യ ഭാഷണം നടത്തി, ഡോ. വി പി അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഹമീദ് മദീനി, ഡോ: ജമാലുദ്ധീന്‍ ഫാറൂഖി, സഹല്‍ മുട്ടില്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ ജലീല്‍, റഹീം ഖുബ, മറിയക്കുട്ടി സുല്ലമിയ, ലുത്ഫ, ജരീര്‍ വേങ്ങര, മുജീബ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.