ചിന്ത / ഏ പ്രതാപന്‍
മണ്ണില്‍ കുഴി കുത്തി , അതില്‍ ഇല വെച്ച് , പണിക്കാര്‍ക്ക് കഞ്ഞി വിളമ്പിയിരുന്ന ഒരു കാലം ഉണ്ട് എന്റെ ഓര്‍മ്മയിലും. എന്റെ വീടിന്റെ മുററത്ത് . ഒരു നാട്ടാചാരമായി അത് ചുറ്റുപാടും നടന്നിരുന്നത് . എല്ലാ ദിവസവുമല്ല, കൂടുതല്‍ പണിക്കാര്‍ വരുന്ന പറമ്പു കളയ്ക്കല്‍ എന്ന് പറയുന്ന , വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന സന്ദര്‍ഭങ്ങളില്‍. തിരിഞ്ഞ് നോക്കുമ്പോള്‍ അതിലും ഭീകരമായി തോന്നുന്നത് ചില സദ്യകളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ഓരോ പന്തിയിലും ഇരുന്നവര്‍ ഉണ്ട് എണീക്കുമ്പോള്‍ ആ ഇലകള്‍ എടുക്കാന്‍ വന്നവര്‍ . അവര്‍ പ്രത്യേകിച്ച് ക്ഷണിക്കപ്പെടാതെ വന്നവര്‍. നാട്ടില്‍ തന്നെയുള്ളവര്‍. അത് അവരുടെ ബാദ്ധ്യതയോ, അവകാശമോ, ഉത്തരവാദിത്തമോ ആയി അന്ന് കരുതപ്പെട്ടു. ആരായിരുന്നിരിക്കും അവര്‍ എന്ന് നിങ്ങള്‍ക്കറിയാം, ഞാന്‍ എഴുതുന്നില്ല. ഇത്ര കാലങ്ങള്‍ക്ക് ശേഷവും അതോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നു എന്നത് എന്റെ കുറ്റബോധത്തെ ലഘൂകരിക്കുന്നില്ല.
തിരിഞ്ഞു നോക്കുമ്പോള്‍ എന്റേത് ഒട്ടും ഒരു സമ്പന്ന കുടുംബമായിരുന്നില്ല. പാലും മോരും വിറ്റും അച്ഛന്‍ ഹോട്ടല്‍ പണിക്ക് (ഇന്ത്യന്‍ കോഫീ ഹൗസില്‍) പോയും കഷ്ടിച്ച് ദരിദ്രമായി ജീവിച്ച് പോയ ഒരു കുടുംബം. പക്ഷേ ദാരിദ്ര്യത്തേയും മറികടക്കുന്ന ഒരു അധികാര മതിലാണ് ജാതി. ജാതിയുടെ ആ പ്രത്യേക സൗജന്യങ്ങള്‍ എന്റെ കുടുംബവും ഞാനും അനുഭവിച്ചു എന്ന് പറയാം. തെറ്റുകളുടെ സാമൂഹ്യമായ വിതരണം നടന്നപ്പോള്‍ അത് ഉല്‍പാദിപിച്ച മിച്ചമൂല്യമായി തങ്ങളുടെ ശരികളെ അനുഭവിച്ചവര്‍.
ആ കാലത്തെ മനുഷ്യരുടെ ചില പേരുകളും എന്നെ വേദനിപ്പിക്കുന്നു. ചില ക്രിയാ പദങ്ങള്‍ തന്നെ പേറിയ മനുഷ്യര്‍ ഉണ്ടായിരുന്നു. കണ്ടു, കോരി എന്നൊക്കെ പേരുകള്‍ വഹിച്ചവര്‍. കുറേ കാലം കഴിഞ്ഞ് ഞാന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ഒരു സഹപ്രവര്‍ത്തകന്റെ പേര് അടിമ എന്നായിരുന്നു, ഒരു ക്ലാസ് 4 ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ഓരോ കാര്യത്തിനും ആളുകള്‍ അടിമേ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ ഞെട്ടി. ഞാന്‍ അയാളില്‍ ഒരു സ്പാര്‍ട്ടക്കസിനെ സങ്കല്‍പിക്കാന്‍ ശ്രമിച്ചു, എന്റെ സമാധാനത്തിനു വേണ്ടി. പക്ഷേ അയാള്‍ മറ്റു ഭാരങ്ങള്‍ക്ക് പുറമേ തന്റെ പേരിന്റെ ഭാരവും പേറി നടന്നു.
ഇതിനിടയിലും ഊഷ്മളമായ ചില വ്യക്തിപരമായ ഓര്‍മ്മകളുണ്ട്. കുട്ടിയായിരുന്ന ഞാന്‍ ആദ്യമായി സിനിമക്ക് പോയത് എന്റെ വീട്ടില്‍ സ്ഥിരം പണിക്കാരനായിരുന്ന ഒരു ദളിതന്റെ ചുമലിലിരുന്നാണ്. അദ്ദേഹത്തിന്റെ മടിയിലിരുന്നാണ് ഞാന്‍ ആ സിനിമ കണ്ടത്. പക്ഷേ എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്ന ആ മനുഷ്യനെ മാമനെന്ന് കൂട്ടി പേര് വിളിക്കാനുള്ള ശിക്ഷണം അന്ന് ലഭിച്ചില്ല. എനിക്കെന്നല്ല, ആ കാലത്തെ ആര്‍ക്കും.
തര്‍ക്കിഷ് / കുര്‍ദ്ദിഷ് എഴുത്തുകാരന്‍ ബുര്‍ഹാന്‍ സോന്‍മെസ് എഴുതിയ ഇസ്താംബുള്‍ ഇസ്താംബുള്‍ എന്ന നോവലുണ്ട്. അത് ആ പേരിലുള്ള മഹാ നഗരത്തെ കുറിച്ചു തന്നെയാണ്. പക്ഷേ അതിലെ നാലു കഥാപാത്രങ്ങളും ഇസ്താംബുളില്‍ ഭൂമിക്കടിയിലെ നിലവറയില്‍ മൂന്നാം നിലയില്‍ ഒരു തടവുമുറിയില്‍ കഴിയുന്ന തടവുകാരാണ്. ചോദ്യം ചെയ്യലിനും പീഢനങ്ങള്‍ക്കും ശേഷം തടവുമുറിയിലെത്തുന്ന തടവുകാര്‍ പരസ്പരം പറയുന്ന കഥകളാണ് ഈ നോവലിലെ ആഖ്യാനം. എല്ലാം ഇസ്താംബുളിനെ കുറിച്ചാണ് . പക്ഷേ ഭൂമിക്ക് മുകളിലുള്ളവര്‍ കാണുന്ന ഇസ്താംബുള്‍ അല്ല , ഭൂമിക്കടിയില്‍ കിടക്കുന്നവര്‍ ഓര്‍ക്കുന്ന , പറയുന്ന ഇസ്താംബുള്‍.
ജാതിയും ഒരു ഇസ്താംബുള്‍ എന്ന് എനിക്ക് തോന്നുന്നു. മുകളിലുള്ളവര്‍ പറയുന്ന ഒന്നിനെ കുറിച്ചല്ല താഴെയുള്ളവര്‍ പറയുന്നത്. ജാതി ഇല്ലാത്ത ഒരാള്‍ എന്ന് എന്നെ സങ്കല്‍പിക്കാന്‍ , ജീവിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു . താഴെ നിലവറയില്‍ അതേ കുറിച്ച് പറയാന്‍ വേറൊരാള്‍ കിടപ്പുണ്ട്.
ഭൂതകാലത്തോടുള്ള കടങ്ങള്‍ , മരിച്ചവരോട് വീട്ടാത്ത കടങ്ങള്‍ പോലെയാണ്. ജീവിതം മുഴുവന്‍ നിങ്ങള്‍ അത് പേറി നടക്കുന്നു.
എന്റെ മകന്‍ വിവാഹം ചെയ്തത് ഒരു ദളിത് പെണ്‍കുട്ടിയെയാണ്. അതില്‍ പുരോഗമന മേനി പറയാന്‍ എനിക്ക് ഒരു അവകാശവും ഇല്ല. അത് അവരുടെ തീരുമാനമായിരുന്നു. എങ്കിലും ലോകം മാറുന്നുണ്ട് എന്ന ഒരു ചെറിയ പ്രത്യാശ അത് എനിക്ക് തരുന്നു.