ചിന്ത / എ പ്രതാപന്‍
പഴയ കാലത്തെ അമ്മൂമ്മമാര്‍ ഒരു ചെറിയ ഭാണ്ഡക്കെട്ടുമായി വീട് വിട്ടിറങ്ങി പോകുന്നതു പോലെ ഞാനും FB യില്‍ നിന്ന് ഇറങ്ങിപ്പോകാറുണ്ട്. ആ അമ്മൂമ്മമാര്‍ ശങ്കിച്ച് തിരിച്ച് , അവര്‍ ഉപേക്ഷിച്ചതോ അവരെ ഉപേക്ഷിച്ചതോ ആയ വീടുകളിലേക്ക് തിരിച്ചു വരുന്നതു പോലെ ഞാനും തിരിച്ചു വരാറുണ്ട്. പോകുമ്പോള്‍ എന്തിന് account ഡീ ആക്ടിവേറ്റ് ചെയ്തു പോകുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. അത് അവിടെ കിടന്നോട്ടെ എന്ന് വിചാരിച്ചാല്‍ പോരെ. ആര്‍ക്കെങ്കിലും വായിക്കണം എന്ന് തോന്നിയാല്‍ വായിക്കാമല്ലോ.
ഡിജിറ്റല്‍ ലോകത്തിലെ ആ കിടപ്പ് എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് വളരെ അടുപ്പമുള്ള ഒരു ബന്ധു മരിച്ചു പോയി. അവര്‍ ജീവിച്ചിരുന്നപ്പോള്‍ അവരുടെ ജന്മദിനത്തിന് ഞാന്‍ ഓണ്‍ലൈനായി ആശംസാ കാര്‍ഡുകള്‍ അയച്ചിരുന്നു. ഇപ്പോഴും ആ ദിവസങ്ങള്‍ എത്തുമ്പോള്‍ എനിക്ക് ഇ മെയില്‍ സന്ദേശം വരുന്നു, അവര്‍ക്ക് ജന്മദിനാശംസകള്‍ നേരാന്‍ പ്രേരിപ്പിച്ചു കൊണ്ട്. ആ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ കാലാവധി തീരും വരെ അത് വരുമായിരിക്കും. മരിച്ച ഒരാള്‍ക്ക് സന്തോഷ ജന്മദിനവും, ദീര്‍ഘായുസ്സും നേരാനുള്ള പ്രലോഭനങ്ങള്‍. മരണത്തിന് പോലും സ്പര്‍ശിക്കാനാകാത്ത , അവസാനിപ്പിക്കാനാകാത്ത , യാന്ത്രികവും നിര്‍വ്വികാരവുമായ പ്രതീതി സ്‌നേഹങ്ങള്‍. ഞാന്‍ മരിച്ചു പോയാലും അത്തരം ഒരു ഡിജിറ്റല്‍ അനശ്വരത എന്നെ അതിജീവിക്കും എന്ന ഭയം എന്നെ പിന്തുടരുന്നു. അതു കൊണ്ട് ഇറങ്ങിപ്പോകുമ്പോള്‍ ഓരോ തവണയും ഡിജിറ്റല്‍ നാളങ്ങളുടെ തിരികള്‍ ഊതിക്കെടുത്താന്‍, താഴ്ത്തി വെക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.
Death as disappearance എന്ന ബോദ്രിയാര്‍ വചനം എനിക്കിഷ്ടം. അവശിഷ്ടങ്ങളില്ലാത്ത ഒരു അപ്രത്യക്ഷമാകല്‍. അത് ഏതാണ്ട് അസാദ്ധ്യം എന്നുമറിയാം.ഞാന്‍ മരണത്തെ പ്രതീക്ഷിക്കുന്നുണ്ട്. എന്നേക്കാള്‍ ചെറുപ്പമായ എത്രയോ അടുത്ത സുഹൃത്തുക്കള്‍ എന്നെ കടന്നു പോയി. എന്റെ അനിയന്‍ എത്രയോ മുമ്പ് ഓടിപ്പോയി. അനിയത്തിയും. അവസാനം കയറിയവര്‍ ആദ്യം ഇറങ്ങിപ്പോകുന്ന ഒരു തീവണ്ടിയിലാണ് ഞാന്‍ സഞ്ചരിക്കുന്നത്. അപ്പോഴും കൂടെയുള്ള വൃദ്ധയായ ഒരു സ്ത്രീ മരിക്കാനുള്ള അവകാശം എനിക്ക് ഇനിയും അനുവദിക്കാതെ എന്നെ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നു.
ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. ലാങ്സ്റ്റണ്‍ ഹ്യൂസ് എഴുതിയതു പോലെ നിത്യതയുടെ മഹാ വൃക്ഷത്തില്‍ നിന്ന് ഒരില കൂടി കൊഴിയുന്നു, അത്രമാത്രം. ലോകം കൂടുതല്‍ ഇരുളുകയാണ്. ലോകത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ മങ്ങുന്നു. വേഗതയുള്ള തീവണ്ടികള്‍ ഇനിയും വരും, ഉയരമുള്ള കെട്ടിടങ്ങള്‍, മൂര്‍ച്ചയുള്ള സിദ്ധാന്തങ്ങള്‍, സ്‌നേഹ ശൂന്യമായ വാദങ്ങള്‍. കൂടുതല്‍ മെച്ചപ്പെട്ട ദിവസങ്ങള്‍ വരുമെന്ന പ്രത്യാശയില്ല, ഇതിലും മോശമായത് വരരുതേ എന്ന ആശ മാത്രം. ചെറിയ തിന്മകളെ അവഗണിക്കാന്‍ പഠിക്കുന്നു, നിസ്സാരമെന്ന് തോന്നുന്ന നന്മകളില്‍ പോലും മനസ്സ് അഭിരമിക്കുന്നു.

ആദം സഗയേഫ്‌സ്‌കിയുടെ ഒരു കവിതയുണ്ട്, അച്ഛനോടൊപ്പം പുറത്തു നടക്കുമ്പോള്‍. അച്ഛന് മറവി രോഗം സംഭവിച്ചിരുന്നു. അച്ഛന്റെ ഓര്‍മ്മകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് മകന്‍ ചോദിക്കുന്നത്. ഒടുവില്‍ മകന്‍ ചോദിക്കുന്നു , അച്ഛന് അനന്തതയെ ഓര്‍മ്മയുണ്ടോ? അച്ഛന്‍ പറയുന്നു, ഇല്ല, ഓര്‍മ്മയില്ല, പക്ഷേ ഞാന്‍ അടുത്തു തന്നെ കാണാന്‍ പോകുകയല്ലേ.
ഇന്നലെ വായിച്ച ദിലീപ് ചിത്രെയുടെ ഒരു കവിതയില്‍ പറയുമ്പോലെ എന്ത് ഉപയോഗം എന്ന് തിട്ടമില്ലാത്ത ഞെട്ടിപ്പിക്കുന്ന ചില വിചിത്ര വസ്തുതകള്‍ പഠിച്ചു കൊണ്ടിരിക്കുന്നു.
‘മരണം നിന്നെ കൊണ്ടു പോകും മുമ്പ്,
നിന്റെ ദുരിത കാലങ്ങള്‍ക്കൊടുവില്‍
നീ ഉറങ്ങുമ്പോള്‍,
ആരാണ് നിന്റെ കണ്ണീര് മോന്തിയത് ?
നിന്റെ അവസാന ദിവസത്തെ
പുലരിക്ക് തൊട്ടു മുമ്പ്
നിന്റെ കണ്‍പോളകളെ തൊട്ടത്
ഒരു നിശാ ശലഭമോ ?’