ചിന്ത / എ പ്രതാപന്‍
ഭൂമിയില്‍ രണ്ടായിരം ദശലക്ഷം അന്തേവാസികളായിട്ട് അധികമായിട്ടില്ല. അഞ്ഞൂറ് ദശലക്ഷം മനുഷ്യരും, ആയിരത്തി അഞ്ഞൂറ് ദശലക്ഷം നാട്ടുവാസികളും (natives). ആദ്യം പറഞ്ഞവരുടെ കൈയില്‍ വചനമുണ്ട്. രണ്ടാമത്തെ കൂട്ടര്‍ക്ക് അതിന്റെ ഉപയോഗവും. ‘1961 ല്‍ ഫ്രന്‍സ് ഫാനന്റെ ഭൂമിയിലെ പീഡിതര്‍ ( Fratnz Fanon – The Wretched of the Earth) എന്ന ക്ഷോഭത്തിന്റെ സുവിശേഷത്തിന് സാര്‍ത്ര് എഴുതിയ ആമുഖം ഇങ്ങനെയാണ് തുടങ്ങിയത്. ഫാനന്‍ അപ്പോള്‍ ലുക്കേമിയ മൂര്‍ച്ഛിച്ച് തന്റെ മരണക്കിടയിലായിരുന്നു, പുസ്തകം ഇറങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു.
കൊളോണിയലിസത്തിനെതിരായ ചെറുത്തു നില്‍പിന്റെ ഗ്രന്ഥമായി ആ പുസ്തകം പിന്നെയും നിന്നു. ഫ്രെഞ്ച് കോളനിയായ അള്‍ജീരിയയിലെ വിമോചന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ആ പുസ്തകം എഴുതപ്പെട്ടത്. ഫാനന്‍ ഒരു മന:ശാസ്ത്രജ്ഞനായിരുന്നു, തൊഴില്‍ പരമായി. അള്‍ജീരിയയിലെ തന്റെ ആശുപത്രി ചികിത്സകള്‍ക്കിടയില്‍ പീഡകരായ ഫ്രെഞ്ച് സൈനികരെയും പീഢനത്തിനിരയായ കറുത്തവരായ അള്‍ജീരിയന്‍ വിമോചന വാദികളെയും ഫാനന്‍ കണ്ടു. കൊളോണിയലിസം മനുഷ്യരോട് ചെയ്യുന്നതെന്തെന്ന് മനസ്സിലായി. ഠവല ണൃലരേവലറ ീള വേല ഋമൃവേ അതിന്റെ സാക്ഷ്യമാണ്. ഫാനന്‍ പിന്നീട് തന്റെ ജോലി രാജി വെച്ച് മുഴുവന്‍ സമയ വിമോചന പോരാളിയായി മാറി.

കൊളോണിയലിസം ലോകത്ത് ചെയ്ത ഹിംസയെ ആ പുസ്തകം പരിശോധിച്ചു. സാര്‍ത്ര് തന്റെ ആമുഖം ആ ഹിംസയുടെ പ്രചാരകരായ യൂറോപ്യന്‍ മേലാളന്മാരെ വിചാരണ ചെയ്യാനാണ് വിനിയോഗിച്ചത്. ‘ ഈ വൈകുന്നേരമാണ് ഹിംസ ആരംഭിച്ചതെങ്കില്‍, ചൂഷണവും പീഢനവും ഈ ഭൂമിയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലയെങ്കില്‍, അഹിംസയെ കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങള്‍ കൊണ്ട് തര്‍ക്കങ്ങള്‍ തീര്‍ക്കാമായിരുന്നു. പക്ഷേ മുഴുവന്‍ അധികാര വ്യവസ്ഥയും, നിങ്ങളുടെ അഹിംസാ സിദ്ധാന്തങ്ങള്‍ ഉള്‍പ്പടെ, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ മര്‍ദ്ദക സംവിധാനത്തിന്റെ ഭാഗമാകയാല്‍, നിങ്ങളുടെ നിഷ്‌ക്രിയത നിങ്ങളെ പീഢകരോട് ചേര്‍ത്തു നിര്‍ത്തുന്നു. ……
തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് നിങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ അത് സമ്മതിച്ച് തരാം. പിന്നീട് ഇതൊക്കെ സത്യമായിരിക്കുമോ എന്ന് നിങ്ങള്‍ സംശയിക്കാന്‍ തുടങ്ങി. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം അറിയാം, എന്നിട്ടും നിങ്ങള്‍ നിശ്ശബ്ദരായിരിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ നീണ്ട നിശ്ശബ്ദത . , എന്തൊരു അധ:പതനം! ….. ഒരിക്കല്‍ ഫ്രാന്‍സ് എന്നത് ഒരു രാജ്യത്തിന്റെ പേരായിരുന്നു. ഇന്ന് 1961 ല്‍ അത് ഒരു മനോരോഗത്തിന്റെ പേരായി മാറാതിരിക്കാന്‍ നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.’
ഇന്നത്തെ തലമുറക്ക് ഫാനനെയോ സാര്‍ത്രിനേയാ അറിയുമെന്ന് എനിക്ക് ഉറപ്പില്ല. അധികാരത്തിന്റെ ഏറ്റവും നിസ്സാരമായ ഔദാര്യങ്ങള്‍ക്ക് പിന്നാലെ ഇഴയുന്ന ഒരു ലോകത്തിന്, നൊബേല്‍ സമ്മാനം പോലും വേണ്ടെന്നു വെച്ച സാര്‍ത്രിനെ അറിയാന്‍ ബുദ്ധിമുട്ടാണ്. സാര്‍ത്ര് എഴുതിയ പോലെ ഭൂമിയിലെ അന്തേവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, അതില്‍ മനുഷ്യരുടെ എണ്ണം ഇപ്പോഴും കുറവാണ്. ഇസ്രയേലിലെ ഭരണാധികാരികള്‍ ഇപ്പോഴും പറയുന്നത് പലസ്തീനില്‍ ഉള്ളവര്‍ മനുഷ്യരല്ല, മൃഗങ്ങളാണെന്നാണ്. എല്ലാ കൊളോണിയല്‍ കൊലപാതകികളും തങ്ങള്‍ കൊല ചെയ്യുന്നവരുടെ മനുഷ്യത്വം എടുത്തു മാറ്റാന്‍ ആദ്യം ശ്രമിക്കുന്നു.
ആ മനുഷ്യത്വം തിരിച്ചു പിടിക്കാനാണ് ഫാനനും സാര്‍ത്രും ശ്രമിച്ചത്. ഇന്ന് ലോകത്തിന് മുന്നില്‍ ഒരു കണ്ണാടിയായി നില്‍ക്കാന്‍ , അത്തരം മനുഷ്യരുടെ ഓര്‍മ്മകള്‍ മാത്രം. ആ ഓര്‍മ്മകളും മങ്ങിക്കൊണ്ടിരിക്കുന്നു.