കടിക്കുന്ന പട്ടികളെയാണ് ഈ കാലത്തിനിഷ്ടം, അവരാണ് വീടുകളുടെ ഐശ്വര്യം

Articles

നിരീക്ഷണം / എ പ്രതാപന്‍

കുറേ മുമ്പ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു അനുഭവം. അയാളുടെ പരിചയക്കാരന്‍ ഒരു പട്ടിയെ വളര്‍ത്തുന്നുണ്ടായിരുന്നു. ദിവസവും വീട്ടില്‍ വരുമായിരുന്ന ഒരു അയല്‍ക്കാരിയെ ആ പട്ടി കടിച്ച് ഭീകരമായി പരിക്കേല്‍പിച്ചു. ഉടമസ്ഥന് വലിയ വിഷമമായി. ഇങ്ങനെ ഒരു പട്ടി ഇനി വീട്ടില്‍ വേണ്ട എന്നു തീരുമാനിച്ചു.

പട്ടിയെ ഒഴിവാക്കുന്ന വിവരമറിഞ്ഞ് പിറ്റേന്ന് മുതല്‍ അയാളുടെ വീട്ടില്‍ വലിയ തിരക്കായിരുന്നു. എന്ത് വില കൊടുത്തും ആ പട്ടിയെ വാങ്ങാന്‍ തയ്യാറായി പലരും വന്നു. വളര്‍ത്തുകയാണെങ്കില്‍ ഇങ്ങനെയുള്ള പട്ടിയെ വേണം വളര്‍ത്താന്‍ . സ്വന്തവും ബന്ധവും പരിചയവും അയല്‍പക്കവും നോക്കാതെ കടിക്കുന്ന പട്ടിയെ.

അതുകൊണ്ട് നമ്മുടെ അക്കാദമി അദ്ധ്യക്ഷനെ ഒഴിവാക്കുന്നതിനെ പറ്റി ഒരിക്കലും ചിന്തിക്കുകയേ അരുത്.. ഇറക്കി വിടണം എന്ന് വീട്ടുകാരില്‍ ചിലര്‍ക്ക് തോന്നും, നാട്ടുകാരില്‍ ചിലര്‍ പറയും. പക്ഷേ കൊണ്ടു പോകാനായി പുറത്ത് ആളുകള്‍ വരി നില്‍ക്കുകയാണ്.

ഇങ്ങനെ കടിക്കുന്ന പട്ടികളെയാണ്
ഈ കാലത്തിന് പ്രിയം .
അവരാണ് ഈ വീടുകളുടെ ഐശ്ചര്യം!