അഹിംസ എന്ന തത്വചിന്ത

Articles

ചിന്ത / എസ് ജോസഫ്


മിഷേല്‍ ഫൂക്കോ മോശയ്ക്ക് ദൈവം കൊടുത്ത കല്പനകളില്‍ അഞ്ചാമത്തേതാണ് കൊല്ലരുത് എന്നത്. യഹൂദരും ക്രിസ്ത്യാനികളും ഒരു പോലെ ഇത് പഠിക്കുന്നുണ്ട്. (പക്ഷേ പലരും പാലിക്കാറില്ല) സമാനമായ അഹിംസാ ചിന്തയാണ് ജൈനമതത്തിലും ബുദ്ധമതത്തിലും ഉള്ളത്. ജൈന മതമാണ് ഈ ആശയത്തെ മുറുകെ പിടിച്ചിട്ടുള്ളത്. ബ്രാഹ്മണിക്ക് ചിന്തയ്ക്ക് എതിരേ വന്നതാണ് അഹിംസാ സിദ്ധാന്തം. ബുദ്ധന്‍ യാഗം വിലക്കുന്നത് അത് മൃഗഹിംസയായതു കൊണ്ടല്ല. മറിച്ച് ഒരാവശ്യവുമില്ലാത്ത യാഗമെന്ന വ്യര്‍ത്ഥമായ ആചാരത്തിനായി മൃഗഹിംസ നടത്തുന്നതുകൊണ്ടാണ്.

ബുദ്ധന്റെ കാലത്ത് യാഗങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിരിക്കണം. അതു കണ്ട് പൊറുതിമുട്ടിയിട്ടാകും ബുദ്ധന്‍ യാഗം വിലക്കിയത്. ഭക്ഷണാവശ്യത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനെ അദ്ദേഹം വിലക്കിയിട്ടില്ല. അതുപോലും ജൈനന്മാര്‍ വിലക്കിയിരുന്നു. അതാണ് ജൈന മതം ക്ഷയിക്കാന്‍ കാരണം. ബുദ്ധമതം ഇന്ത്യയില്‍ ക്ഷയിച്ചു എങ്കിലും ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും അടിസ്ഥാനങ്ങളാണ് ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട ഒരു സമാധാന രാഷ്ട്രമാക്കി മാറ്റിയത്. താത്വികമായി ഹിന്ദുമതം ഹിംസാപരമാണ്. ഹിന്ദു ദൈവങ്ങള്‍ പലരും കൊലപാതകികളാണ്. അസുര നിഗ്രഹം ആണ് പ്രധാന പരിപാടി.

അസുരന്‍മാര്‍ എന്നത് പിശാചവല്‍ക്കരിക്കപ്പെട്ട തദ്ദേശീയര്‍ ആണ് . പക്ഷേ അത്ഭുതം എന്നു പറയട്ടെ ലോക പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ സമാധാന പ്രിയരാണ് പൊതുവേ ഹിന്ദുക്കള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധി വന്നതോടെ അഹിംസ ( അക്രമരാഹിത്യം ) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ഐക്കന്‍ ആയി മാറി. ജൈന മതത്തില്‍ നിന്നെടുത്ത സത്യഗ്രഹവും , ആര്‍ത്തിയില്ലാത്ത ഉപഭോഗവും ദാരിദ്ര്യവും യന്ത്രനിയന്ത്രണവും സ്വദേശി ബോധവും ഒക്കെ പ്രധാനമായി . യുദ്ധം എന്നത് പ്രതിരോധത്തിന്റെ മാത്രം നിലയിലെത്തി. മന്‍മോഹന്‍ സിംഗിന്റെ രണ്ടു ടേമിലും ഒരു യുദ്ധവും ഉണ്ടായില്ല. ഇക്കാലത്ത് ലോകമെങ്ങും നവ ഫാഷിസം വ്യാപിച്ചു. കെ.വേണു സൂചിപ്പിച്ചതു പോലെ ഇസ്ലാമിക ടെററിസം ലോകത്തിനു തന്നെ ആപത്തായി വന്നു. അതില്‍ ഭയന്ന ഇന്ത്യയിലെ ഹിന്ദു ഫാഷിസ്റ്റുകളും ആര്‍. എസ് എസും ബി.ജെ.പിയും നവഫാഷിസ്റ്റുകളായി പുനര്‍ജനിച്ചു.

ഇന്ത്യയിലെ നവഫാഷിസ്റ്റ് മത ഭരണകൂടത്തിന് ലോകത്തെ പലരാജ്യങ്ങളും പിന്തുണ നല്കുന്നത് നമ്മള്‍ കാണുന്നു. കാരണം ഒരു തരം ഫാഷിസ്റ്റുകളാണ് ഇന്നത്തെ ഇന്ത്യയിലെപ്പോലെ ലോകത്തെങ്ങുമുള്ളത്. അവരുടെ പ്രധാന ശത്രു ഇസ്ലാമികതയും ഇസ്ലാമിക ടെററിസവുമാണ്. ഇസ്ലാമോ ഫോബിയ അതിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്ന് യൂറോപ്യന്‍ ക്രിസ്റ്റ്യാനിറ്റി ഒരു ശക്തിയേയല്ല. മതത്തിന്റെ ഫാഷിസ്റ്റ് പവര്‍ യൂറോപ്പില്‍ ഇല്ല. അതേസമയം ഇസ്ലാമിക രാജ്യങ്ങള്‍ മതഭരണകൂടങ്ങള്‍ ആണ് . ഭരണകൂടം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു. പൊതുവേ ഇസ്ലാമിക തീവ്രവാദികള്‍ ഒഴികേ ബാക്കി മുസ്ലീങ്ങള്‍ സമാധാന പ്രിയരാണ്.

ഇന്ത്യയിലും ഇസ്ലാം സമാധാനപ്രിയരാണ്. പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് മരണവിധിയാണ് ഇസ്ലാമിക രാജ്യങ്ങള്‍ നല്കുന്നത്. അത് ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചാണ്. ലോകത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഒരു ഏകീകൃത നിയമം ഉണ്ടാകുന്നതാണ് നല്ലത്. മതേതരമായ, ആധുനിക ആധുനികോത്തര രീതിയിലുളള ശിക്ഷകള്‍ ആണ് നടപ്പിലാക്കണ്ടത്. അല്ലാതെ പ്രാചീന കാലത്തെ ശിക്ഷാ വിധികള്‍ അല്ല. കൊല്ലാന്‍ മനുഷ്യര്‍ക്ക് അവകാശം ഇല്ലാത്തതിനാല്‍ ആണല്ലോ കൊലയാളിക്ക് മരണശിക്ഷ വിധിക്കുന്നത്. അവിടെയാണ് അതിന്റെ ഐറണി കിടക്കുന്നത്. കൊല്ലാന്‍ പൗരന് അവകാശമില്ലെങ്കില്‍ ഭരണകൂടത്തിനും അവകാശമില്ല.

മനുഷ്യാവകാശത്തിന്റെ പരമമായ അവകാശമായി ഇത് എഴുതിച്ചേര്‍ക്കേണ്ടതാണ്. സ്വാഭാവികമായും ഇത് കൊലപാതകങ്ങള്‍ കുറയ്ക്കാനാണ് സഹായിക്കുക എന്ന് ഞാന്‍ കരുതുന്നു. ഭരണകൂടം ഹിംസാപരവും ഏകാധിപത്യപരവും ആകുമ്പോഴാണ് വ്യക്തികള്‍ നശിക്കുന്നത്. ലോകം ഹിംസാപരമാണ് എന്നതാണ് സത്യം. അതിനെതിരേയുളള തത്വചിന്തയാണ് അഹിംസ. പക്ഷേ അത് പരാജയപ്പെടുന്നു. അതിന്റെ പരാജയം സ്വാഭാവികമാണ്. അതു കൊണ്ട് അഹിംസ എന്ന തത്വചിന്ത ഉപേക്ഷിക്കണം എന്നര്‍ത്ഥമില്ല. അതു കൊണ്ടാണ് ഇത് ഇവിടെ ചര്‍ച്ചാ വിഷയം ആകുന്നത്.