യുട്യൂബര്‍ യുവതി ലഹരി മരുന്നുകളുമായി പിടിയില്‍

Crime

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും ലഹരി മരുന്നും വില്‍പന നടത്തിയ യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസിന്റെ പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാലടി മറ്റൂരില്‍ വച്ച് യുവതിയെ അറസ്റ്റ് ചെയ്തത്.

സ്വാതി വിദ്യാര്‍ത്ഥികളുമായി വളരെ വേഗം അടുപ്പം സ്ഥാപിക്കുകയും ലഹരിനല്‍കി തന്റെ കസ്റ്റമറാക്കി മാറ്റുകയുമാണ് രീതി. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതി. ഇവരില്‍ നിന്ന് 2.781 ഗ്രാം എം ഡി എം എ യും, 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

മയക്കുമരുന്നു ശൃംഖലയില്‍ കണ്ണിയായ സ്വാതികൃഷ്ണ ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍. നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.