നഗരവസന്തം; ഹരിതപ്രപഞ്ചത്തെ ഉള്ളിലൊതുക്കി ബോണ്‍സായ് പ്രദര്‍ശനം

Agriculture Thiruvananthapuram

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

തിരുവനന്തപുരം: നാല്‍പത് വയസായ പുളിമരം നിറയെ കായ്കളുമായി പൂത്തുലഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ഈ കാഴ്ച കാണാന്‍തല ഉയര്‍ത്തി ആകാശത്തേക്ക് നോക്കേണ്ട. താഴെ മണ്ണിലേക്ക്, ഈ ചെടിച്ചട്ടിയിലേക്ക് നോക്കിയാല്‍ മതി. ബോണ്‍സായ് തീര്‍ക്കുന്ന അത്ഭുതപ്രപഞ്ചം ഇവിടെ ഇതള്‍വിരിയുകയാണ്. ഫൈക്കസ് ബെഞ്ചമിയ, ഫൈക്കസ് ലോങ് ഐലന്‍ഡ് എന്നീപേരുകള്‍ കേട്ട് ഞെട്ടേണ്ട. വിദേശ ആല്‍മരങ്ങളാണിവ. ഇത്തരത്തില്‍ പതിനഞ്ചോളം ഇനം ആല്‍മരങ്ങളുടെ ബോണ്‍സായ് രൂപങ്ങളും ഇവിടെ കാണാം.

കനകകുന്നില്‍ നടക്കുന്ന നഗരവസന്തം പുഷ്പമേളയിലെ ബോണ്‍സായ് പ്രദര്‍ശനത്തിലെത്തിയാല്‍ കുറിയ മരങ്ങളുടെ നിരവധി ഇനങ്ങളെ കാണാം, പരിചയപ്പെടാം. ഊരൂട്ടമ്പലം സ്വദേശിയായ സതീഷിന്റെ പക്കൂസ് ബോണ്‍സായിയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 75 ഓളം ബോണ്‍സായ് ചെടികളാണ് പ്രദര്‍ശനത്തിലുള്ളത്. മിക്കതിനും 40 വര്‍ഷത്തിലധികം പ്രായമുണ്ട്. ലിഫ്റ്റ് ടെക്‌നീഷ്യനായ സതീഷ് 35 വര്‍ഷം മുമ്പാണ് ബോണ്‍സായ് എന്ന കലാരൂപത്തെ ഗൗരവമായി ശ്രദ്ധിച്ചു തുടങ്ങിയത്. യാത്രാപ്രേമിയായ സതീഷിന്റെ പിന്നീടുള്ള യാത്രകള്‍ ബോണ്‍സായിയിലെ പുതിയ ഇനങ്ങള്‍ തേടിയായിരുന്നു. യാത്രയ്ക്കിടെ ചെന്നൈയില്‍ നിന്ന് ലഭിച്ച ബോധിവൃക്ഷം അടക്കം പ്രദര്‍ശനത്തിലുള്ള മിക്ക ചെടികളും സതീഷ് ഇത്തരത്തില്‍ ശേഖരിച്ചതാണ്. തുടക്കത്തില്‍ ഇതൊരു കൗതുകമായിരുന്നുവെന്നും പിന്നീട് കേരള ബോണ്‍സായ് അസോസിയേഷ്‌ന്റെ ക്ലാസുകളിലും മറ്റും പങ്കെടുത്ത് ബോണ്‍സായിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു.

ചൈനയും ജപ്പാനും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പില്‍ പലയിടത്തും ബോണ്‍സായി ഒരു കലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഇന്നും ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നും അത് സങ്കടകരമാണെന്നും സതീഷ് പറഞ്ഞു. വലിയൊരു മരത്തെ ചെറിയൊരു ചെടിച്ചട്ടിയിലേക്ക് ചുരുക്കുന്ന കലയാണ് ബോണ്‍സായ്. ചിത്ര, ശില്‍പ കലകളില്‍ ഒരുഘട്ടത്തില്‍ സൃഷ്ടി പൂര്‍ത്തിയാകും. പക്ഷേ, ബോണ്‍സായ് അങ്ങനെ പൂര്‍ത്തിയാക്കപ്പെടുന്നില്ല. സൃഷ്ടി വളര്‍ന്നുകൊണ്ടേയിരിക്കും. അതിന് നിരന്തര ശ്രദ്ധയും പരിചരണവും ക്ഷമയും ആവശ്യമാണ്. ഇത്തരത്തില്‍ നിതാന്ത ശ്രദ്ധ ആവശ്യമുള്ള കലാസൃഷ്ടി കൂടിയാണിതെന്നും സതീഷ. താന്‍ വളര്‍ത്തുന്ന ബോണ്‍സായ് മരങ്ങളിലെല്ലാം തന്റെ തന്ന ജീവാംശമുണ്ടെന്ന് തിരിച്ചറിയുന്ന സതീഷ്, ലക്ഷങ്ങള്‍ വിലപറഞ്ഞാലും അവയെ വില്‍ക്കാന്‍ തയ്യാറല്ല. എന്നാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ് സേതുപതി സ്വന്തം വീട്ടിലേക്ക് ഒരു ബോണ്‍സായ് തിരഞ്ഞെടുത്തപ്പോള്‍ തടസം പറയാന്‍ സതീഷിന് തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *