വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് ‘ഇന്ത്യ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ‘ലൈഫോളജി ഫൗണ്ടേഷന്‍ സിബിഎസ്ഇ ക്ക് കൈമാറി

Kerala

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൈഫോളജി ഫൗണ്ടേഷന്‍ തയ്യാറാക്കിയ ‘ഇന്ത്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്’ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു (സിബിഎസ്ഇ) സമര്‍പ്പിച്ചു. ഏഴു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്വഭാവ സവിശേഷതകളേയും ബുദ്ധിപരമായ കഴിവുകളേയും കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണിത്.

ശ്രീകാര്യം ലയോള സ്‌കൂളില്‍ ലൈഫോളജി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ 2023 ഗ്രാന്‍ഡ് ഫിനാലെയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ലൈഫോളജി ഫൗണ്ടേഷന്റെ സഹസ്ഥാപകന്‍ രാഹുല്‍ ജെ നായര്‍ സിബിഎസ്ഇ ഡയറക്ടര്‍ ഡോ. ബിശ്വജിത്ത് സാഹയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ലൈഫോളജിയിലെ ഗായത്രി. ആര്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഗ്രാന്‍ഡ് ഫിനാലെയുടെ ഉദ്ഘാടനം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ നിര്‍വഹിച്ചു. ആസ്‌ട്രോഫിസിക്‌സ് രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും ഐഎസ്ആര്‍ഒ നല്‍കിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചടങ്ങില്‍ ജിയോ പ്ലാറ്റ് ഫോംസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആര്‍ വി. ബാലസുബ്രഹ്മണ്യം അയ്യര്‍, ബ്രിഗേഡിയര്‍ സലില്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫെസ്റ്റിവലിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കില്‍ എക്‌സ്‌പോയും സംഘടിപ്പിച്ചിരുന്നു. സ്‌കില്‍ എക്‌സ്‌പോയിലെ വിജയികള്‍ക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിബിഎസ്ഇ, ലോകബാങ്ക് എന്നിവയുടെ പിന്തുണയോടെയാണ് ഫിനാലെ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തെ മുഖ്യധാരാ വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

ഏഴു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സര്‍വോന്‍മുഖ വികാസം മുന്നില്‍ കണ്ടാണ് നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ആഗോള നിലവാരത്തിന് തുല്യമായി പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളുടെ കഴിവുകളും സര്‍ഗാത്മകതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ 2023 ലൂടെ ലഭിക്കും.

10 സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സ്ഥാപന മേധാവികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റ് പ്രതിനിധികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ഇതിന്റെ ഭാഗമായി.

ന്യൂഡല്‍ഹിയില്‍ 2023 ലാണ് ലൈഫോളജി ഫൗണ്ടേഷന്‍ നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇതിനോടകം രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ദേശീയ ഗൈഡന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. അക്കാദമിക്, വ്യവസായ മേഖലകളില്‍ നിന്ന് നിരവധി അംഗീകാരങ്ങളും ലൈഫോളജി ഫൗണ്ടേഷന് നേടാനായി.