കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ഥാടനമാണെന്നും അമേരിക്കയില്‍ പോയതിന്റെ പാപം തീര്‍ക്കാനാണ് നേരെ ക്യൂബയിലേക്ക് പോയതെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം കൊണ്ട് എന്തു നേട്ടമാണുണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ ഏകാധിപതിയായിരിക്കുകയാണ് പിണറായി. അഴിമതി അന്വേഷണങ്ങളില്‍ നിന്നും ഒളിച്ചോടുകയും അഴിമതി ചൂണ്ടികാണിച്ച് പ്രതിപക്ഷത്തെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുകയുമാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലെ അനിയന്ത്രിത പിരിവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്. കെ പി സി സി പ്രസിഡന്റിനെതിരെയുള്ളതും കള്ളകേസാണ്. പറഞ്ഞ കള്ളം സ്ഥാപിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വീണ്ടും കള്ളം പറയുകയാണ്. രാഷ്ട്രീയ പ്രതികാരം വീട്ടാനുള്ള കേസാണിത്. എല്ലാ കൊള്ളരുതായ്മകളും കാണിച്ച എസ് എഫ് ഐക്കാരെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിക്കുമ്പോള്‍ ഗോവിന്ദ സ്തുതി പാടുകയാണ് എസ് എഫ് ഐക്കാര്‍. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളും കോളേജുകളും പാര്‍ട്ടിഗ്രാമം പോലെയാക്കി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സ്വതന്ത്ര്യമാണെന്നും ആരുടെയും പക്ഷം പിടിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും എം എം ഹസന്‍ വ്യക്തമാക്കി. കെ സി അബു, കെ പി ബാബു, അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.