ശങ്കരാചാര്യര്‍ക്കും നാരായണഗുരുവിനുമിടയിലുള്ള വിടവ് മറ്റുമതങ്ങള്‍ നികത്തേണ്ടതായിരുന്നു: എം എച്ച് ഇല്യാസ്

Kozhikode

കോഴിക്കോട്: ശങ്കരാചാര്യര്‍ക്കും നാരായണഗുരുവിനുമിടയിലുള്ള വിടവ് മറ്റുമതങ്ങള്‍ നികത്തേണ്ടതായിരുന്നുവെന്ന് എം.എച്ച് ഇല്യാസ് അഭിപ്രായപ്പെട്ടു. ഡി സി ബുക്‌സ് കെ.എല്‍.എഫ് 7വേ എഡിഷന്‍ന്റെ ഭാഗമായി നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനില്‍ പി ഇളയിടം മോഡറേറ്റ് ചെയ്ത സെഷനില്‍ എം.എച്ച് ഇല്യാസിനെക്കൂടാതെ മഹമ്മൂദ് കൂരിയ പങ്കെടുത്തു.

മതമെന്നത് ഏകശിലാത്മകതായൊരു സ്വരൂപമല്ലെന്ന് സുനില്‍ പി ഇളയിടം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇസ്ലാമിലെ വര്‍ണ്ണരാജി എന്ന പേരില്‍ എം.എച്ച് ഇല്യാസ് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി. ഭാഷപണ്ഡിതന്‍ മാത്രമായ് ചുരുക്കേണ്ട ആളല്ല മക്തി തങ്ങളെന്ന് എം.എച്ച് ഇല്യാസ് ചൂണ്ടിക്കാട്ടി. കേരളത്തെ അറിയാത്തവര്‍ക്കുപോലും തുഹ്ഫത്തുല്‍ മുജാഹിദിന്റെ പേരില്‍ മലബാര്‍ സുപരിചിതമാണെന്നും, അറബി ഇന്ന് മുസ്ലീങ്ങളുടേത് മാത്രമായി മാറുന്നുണ്ടെന്നും മഹമ്മൂദ് കൂരിയ പറഞ്ഞു.

ഡാനിഷ് മിഷ്ണറി, സി എന്‍ അഹമ്മദ് മൗലവി തുടങ്ങിയവരുടെ അതാത് മതങ്ങളിലെ സംഭാവനകളെക്കുറിച്ച് സെഷനില്‍ പരാമര്‍ശമുണ്ടായി. നവീകരണത്തിന് പകരമായി നവോത്ഥാനമെന്ന പദം ഉടലെടുത്തത് റോളണ്ട് മില്ലറുടെ പ്രവര്‍ത്തനഫലമായാണെന്ന് എം എച്ച് ഇല്യാസ് ഊന്നി പറഞ്ഞു.

കൊളോണിയല്‍ കാലഘട്ടത്തില്‍ നിരക്ഷരരായ് പരിഗണിച്ച പല സ്ത്രീകളും അറബിമലയാളം പോലുള്ള ഭാഷകള്‍ അറിയുന്നവരായിരുന്നു എന്നും ചില ഭാഷകള്‍ ഇല്ലാതായത് ആ ഭാഷ കൈകാര്യം ചെയ്തിരുന്ന മതങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് മഹമ്മൂദ് കൂരിയ പറഞ്ഞു