കോഴിക്കോട്: ഭരണഘടനാ സ്ഥാപനമായ ജുഡീഷ്വറിയുടെ പാവനത തകര്‍ക്കുകയും വിശ്വാസ്യത പിച്ചിച്ചീന്തുകയും ചെയ്യുന്നതാണ് മുന്‍ സുപ്രീം കോടതി ജഡ്ജി എസ്. അബ്ദുന്നസീറിന്റെ ഗവണര്‍ നിയമനമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
പ്രമാദമായ ബാബരി കേസിലും മുത്ത്വലാഖ് വിഷയത്തിലും മോദി സര്‍ക്കാറിനെ കുറ്റമുക്തനാക്കിയ കേസുകളിലും ഭരണകൂടത്തിന് അനുകൂലമായ തീര്‍പ്പ് നടത്തിയതിനുള്ള പ്രതിഫലമാണ് ഈ സ്ഥാനലബ്ധിയെന്ന് ആര്‍ക്കും സംശയിക്കാം. സ്വതന്ത്ര ജുഡീഷ്വറിക്കു ഇതുപോലെ പോറലേല്‍പിച്ച മറ്റൊരു തീരുമാനം രാമക്ഷേത്ര നിര്‍മാണത്തിന് പച്ചക്കൊടി കാട്ടിയ അഞ്ചംഗ ബെഞ്ചിന് നേതൃത്വം കൊടുത്ത ചീഫ് ജസ്റ്റിസ് രംഗന്‍ ഗഗോയിയുടെ രാജ്യസഭാ പ്രവേശനമാണ്.
വിരമിച്ച ശേഷം സ്വസ്ഥമായ ലാവണം സ്വപ്നം കാണുന്നവര്‍ ഇനി യജമാന ഭക്തി കാണിച്ചേ വിധിയെഴുതൂ. ഭരണഘടന പിച്ചിച്ചീന്താന്‍ മടിക്കാത്ത ഹിന്ദുത്വ വാദികളുടെ കോടാലിപ്പിടികളായി ഉന്നത ന്യായാധിപന്മാര്‍ അധഃപതിക്കുന്നത് രാജ്യത്തിന്റെ ഭാവി തന്നെ കൂരിരുട്ടിലാഴ്ത്തുമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.