ജനാധിപത്യ വിരുദ്ധമായതിനെ കൂടി ജനാധിപത്യപരമായി നേരിടേണ്ടി വരികയെന്നത് ജനാധിപത്യത്തിലെ ധര്‍മ്മസങ്കടമാണ്

Articles

ചിന്ത / എ പ്രതാപന്‍

ഏറ്റവും ജനാധിപത്യ വിരുദ്ധമായതിന് കടന്നു വരാനുള്ള ഒരു ഇടം കൂടി ജനാധിപത്യ വ്യവസ്ഥയിലുണ്ട്. ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മ്മനിയില്‍ ഹിറ്റ്‌ലറും ജനാധിപത്യപരമായി , തിരഞ്ഞെടുപ്പുകളിലൂടെ, അധികാരത്തില്‍ വന്നവരാണ്. നമ്മുടെ നാട്ടിലും അതെ. പിന്നീട് തങ്ങള്‍ കടന്നു വന്ന പാലങ്ങളെല്ലാം തകര്‍ക്കുന്ന ഒരു അധിനിവേശ സൈന്യത്തെ പോലെ ഇവര്‍ ജനാധിപത്യത്തിന്റെ പാലങ്ങള്‍ ഓരോന്നായി തകര്‍ക്കുന്നു. ജനാധിപത്യ വിരുദ്ധമായതിനെ കൂടി ജനാധിപത്യപരമായി നേരിടേണ്ടി വരിക എന്നത് ജനാധിപത്യത്തിലെ ഒരു റശഹലാാമ, ധര്‍മ്മസങ്കടമാണ്. ജനാധിപത്യത്തില്‍ ലഭ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധമായതിനെ ചെറുക്കുക എന്നത് മാത്രമേ ജനങ്ങള്‍ക്ക് ചെയ്യാനാകൂ.

 ശോഭനക്കും ചിത്രക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന രണ്ട് നിലപാടുകള്‍ കണ്ടു. വിമര്‍ശന പക്ഷത്ത് നില്‍ക്കുന്ന ചിലര്‍ തന്നെ ഇവരുടെ രാഷ്ട്രീയ കാര്യങ്ങളിലെ അജ്ഞതയും, നിഷ്‌ക്കളങ്കതയും, ദുരുദ്ദേശമില്ലായ്മയും പരിഗണിച്ച് അവരോടുള്ള വിമര്‍ശനം പിന്‍വലിക്കണം എന്ന അഭിപ്രായക്കാരാണ്. ശോഭനയുടേയും ചിത്രയുടേയും നിലപാടുകളെ പിന്തുണക്കുന്നവര്‍, അവരോടുള്ള വിമര്‍ശനങ്ങളെ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായി കാണുന്നു. 

     ശോഭനയുടെയും ചിത്രയുടെയും അഭിപ്രായങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം കിട്ടാനും, അതു കൊണ്ടു തന്നെ ഇത്രയേറെ വിമര്‍ശിക്കപ്പെടാനും കാരണം അവ വെറും വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമല്ല എന്നതാണ്. രണ്ടു പേരും നമ്മുടെ സമൂഹത്തില്‍ താരപരിവേഷമുള്ള സെലിബ്രിറ്റികള്‍ ആണ്. ഇത്തരം  സെലിബ്രിറ്റികള്‍ സൃഷ്ടിക്കപ്പെടുന്നത് തങ്ങളുടെ മേഖലകളില്‍ അവര്‍ ആര്‍ജ്ജിച്ച മികവുകള്‍ കൊണ്ടു മാത്രമല്ല. നമ്മുടെ സമൂഹത്തില്‍ വാഴുന്ന പൊതുബോധങ്ങള്‍, അഭിരുചികള്‍, സൗന്ദര്യ സങ്കല്‍പങ്ങള്‍ ഇവയോടെല്ലാം ചേര്‍ന്നു നില്‍ക്കാനുള്ള സിദ്ധികള്‍, അധികാരത്തോടുള്ള അനുരഞ്ജനം തുടങ്ങിയവയും സെലിബ്രിറ്റി നിര്‍മ്മിതിയില്‍ പ്രധാന പങ്കു വഹിക്കുന്നു. സെലിബ്രിറ്റികള്‍ക്ക് വിപണന മൂല്യമുണ്ട്. നമ്മുടെ സമൂഹത്തില്‍ എന്തും വില്‍ക്കപ്പെടുന്നത് ഇത്തരം  സെലിബ്രിറ്റികളെ ബ്രാന്‍ഡ് മോഡലുകളാക്കിയാണ്. സോപ്പോ തേയിലയോ ടെലിവിഷനോ കാറോ ഏതും വില്‍ക്കാന്‍ . ചിലപ്പോള്‍ ചില ആശയങ്ങള്‍ വില്‍ക്കാനും ഇത്തരം സെലിബ്രിറ്റികളെ ഉപയോഗിക്കുന്നു. 

 ഈ രണ്ടു സെലിബ്രിറ്റികളും വളരെ പ്രതിലോമകരമായ ചില ആശയങ്ങളുടെ വിപണനത്തിന് ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് അവര്‍ വിമര്‍ശിക്കപ്പെട്ടത്. തങ്ങളുടെ വിപണി മൂല്യത്തെ അവര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് ഈ വിപണി മൂല്യത്തെ തങ്ങളുടെ ആശയങ്ങള്‍ വില്‍ക്കാന്‍ ഇവരെ ഉപയോഗിക്കുന്ന ശക്തികളുടെ താല്‍പര്യങ്ങളും. അവ വിമര്‍ശിക്കപ്പെടേണ്ട ആശയങ്ങളാണ് എന്ന് തോന്നുന്ന മനുഷ്യരാണ് ആ വിമര്‍ശനങ്ങള്‍ നടത്തിയത്. അത് തികച്ചും ജനാധിപത്യപരമാണ്.

അവരുടെ അഭിപ്രായങ്ങളാണ് വിമര്‍ശിക്കപ്പെട്ടത്, അഭിപ്രായം പറയാനുള്ള അവരുടെ അവകാശമല്ല. അഭിപ്രായം പറയാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിച്ചും നിലനിര്‍ത്തി കൊണ്ടും അവരുടെ അഭിപ്രായങ്ങളെ വിമര്‍ശന വിധേയമാക്കുക എന്നതാണ് ജനാധിപത്യം. രാജ്യത്തെ ഏറ്റവും ഗുരുതരമായ കാര്യങ്ങളിലുള്ള അജ്ഞത, നിഷ്‌ക്കളങ്കത സെലിബ്രിറ്റികള്‍ക്ക് അവകാശപ്പെട്ട ആര്‍ഭാടമാണ്. അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് അത്തരം അവകാശങ്ങളില്ല, അവര്‍ എല്ലാം കണ്ടും, കേട്ടും, കൊണ്ടും അറിഞ്ഞേ മതിയാകൂ.

ഇക്ബാൽ ബാനു
 ഇന്ന് പരിമിതമായ തോതിലെങ്കിലും ലഭ്യമായ , കാര്യങ്ങളെ വിമര്‍ശന വിധേയമാക്കാനുള്ള ജനാധിപത്യ അവകാശം നമ്മള്‍ ഉപയോഗിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയായി ഞാന്‍ കരുതുന്നു. മറിച്ചുള്ള അഭിപ്രായങ്ങള്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തതു കൊണ്ടോ അല്ലെങ്കില്‍ അത്തരം നിക്ഷിപ്ത താല്‍പര്യങ്ങള്‍ പങ്കിടുന്നതു കൊണ്ടോ ആകാം.  ഏറ്റവും ഭീകരമായ കാര്യങ്ങള്‍, നിഷ്‌ക്കളങ്കമെന്ന് തോന്നും വിധം, മധുരമായ ഈണത്തില്‍, ലാസ്യമായ ചുവടുകള്‍ വെച്ച് നമ്മളിലേക്ക് വരും. സുന്ദരമായതിന് പിറകേ ഒളിപ്പിച്ച അസുന്ദരമായതിന്റെ എഴുന്നെള്ളത്ത് ഉണ്ട്.

*
നമ്മുടെ പല വിഗ്രഹങ്ങള്‍ക്കും കളിമണ്‍ പാദങ്ങള്‍. മലയാളിയുടെ ഗാനങ്ങളുടെ ഗന്ധര്‍വ്വസ്വരം അമേരിക്കയില്‍ ഉണ്ടുറങ്ങും.
ഞാന്‍ സുധ ഭരദ്വാജിനെ ഓര്‍ക്കുന്നു. അമേരിക്കയില്‍ ബോസ്റ്റണില്‍ ജനിച്ച്, ജന്മം കൊണ്ട് അമേരിക്കന്‍ പൗരയായ സുധ, ആ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിലെ ചേരികളില്‍ ദരിദ്രരോടൊപ്പം ജീവിക്കുന്നു.
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പാസായ , ശിശുരോഗ വിദഗ്ദ്ധന്‍, ബിനായക് സെന്‍ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ആദിവാസികളുടെയും, ഖനിത്തൊഴിലാളികളുടേയും ഇടയിലേക്ക് പോകുന്നു.
സുധ ഭരദ്വാജിനേയും ബിനായക് സെന്നിനേയും ഭീകരവാദ വകുപ്പുകള്‍ ചാര്‍ത്തി നമ്മള്‍ ജയിലിലടക്കുന്നു. ആരും ദുഃഖിക്കുന്നില്ല. കാരണം
രണ്ടു പേരും സെലിബ്രിറ്റികളല്ല.


1986 ഫെബ്രുവരി 13 ന് പാക്കിസ്ഥാനിലെ ഏകാധിപതി സിയാ ഉള്‍ ഹഖിനെ ധിക്കരിച്ചു കൊണ്ട് , അയാള്‍ നിരോധിച്ച കറുത്ത സാരി ധരിച്ചു കൊണ്ട്, ഇക്ബാല്‍ ബാനു പാടുന്നു,
അമ്പതിനായിരം കേള്‍വിക്കാര്‍ക്ക് മുന്നില്‍, ഫയാസ് അഹമ്മദ് ഫയാസിന്റെ വരികള്‍,
ഹം ദേഖേംഗേ!
അതിന്റെ ഭവിഷ്യത്തുക്കള്‍ എല്ലാം പിന്നെ അനുഭവിക്കുന്നു.
സംഗീതത്തില്‍ അങ്ങനെയും പാടുന്ന വാനമ്പാടികള്‍ ഉണ്ട്.