കേന്ദ്ര അവഗണനക്കെതിരായ സമരത്തിന് ജനപിന്തുണ വേണമെങ്കില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാകണം, ധൂര്‍ത്തിന്‍റെയും ആഡംബരത്തിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും വളവുകള്‍ നിവര്‍ത്തണം

Articles

നിരീക്ഷണം / ഡോ: ആസാദ്

കേന്ദ്രം എന്നും അവഗണിച്ചിട്ടുണ്ട് കേരളത്തെ. കേരളത്തിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി മാത്രം കാണുന്ന ഉത്തരേന്ത്യന്‍ ലോബികളേ ദില്ലി ഭരിച്ചിട്ടുള്ളു. വല്ലപ്പോഴും ശക്തമായ ഇടപെടലുകള്‍കൊണ്ട് കൈവന്ന നേട്ടങ്ങള്‍ കേന്ദ്രപരിഗണനയായി കാണാന്‍ കഴിയില്ല. കേരളം നല്‍കുന്ന വരുമാനത്തിന്റെയോ നേട്ടങ്ങളുടെയോ അവകാശപ്പെട്ട ചെറിയ പങ്കുപോലും മുറയ്ക്കു നല്‍കാന്‍ കേന്ദ്രം ശ്രദ്ധിച്ചിട്ടില്ല.

അതിനാല്‍ കേന്ദ്ര അവഗണന എപ്പോഴും നമ്മുടെ പ്രധാന പ്രശ്‌നമാണ്. റെയില്‍വേയെ കാലോചിതമായി പുതുക്കി വേഗമാര്‍ന്നതും പുതിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നതുമായ തീവണ്ടികള്‍ ഓടിക്കാന്‍ കേന്ദ്രം കനിഞ്ഞിട്ടില്ല. കേരളീയരുടെ ബാങ്കു നിക്ഷേപങ്ങളുടെ വലിയ ശതമാനം വായ്പയോ ലോണോ ആയി പോകുന്നത് മറുനാടുകളിലാണ്. പൊതുമേഖലയില്‍ വലിയ സ്ഥാപനങ്ങളോ വ്യവസായശാലകളോ കേരളത്തില്‍ എത്തുന്നില്ല. അനുവദിച്ചവ തന്നെ പിന്‍വലിക്കപ്പെടുന്നു. നെല്ല് തേങ്ങ റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നയമാണ്. കര്‍ഷകരുടെ ആത്മഹത്യ കേരളത്തിലും സാധാരണമാകുന്നു.

കേന്ദ്ര അവഗണനയ്‌ക്കെതിരായ ജനകീയസമരം പ്രസക്തമാണ്. എന്നാല്‍, കിട്ടുന്ന പണമെല്ലാം മുന്‍ഗണനാക്രമം പാലിക്കാതെ ധൂര്‍ത്തടിക്കുകയും അടിത്തട്ടു സമൂഹങ്ങളെ പട്ടിണിക്കിടുകയും ചെയ്യുന്ന കേരളത്തിലെ സര്‍ക്കാറിനോ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവര്‍ക്കോ ആ സമരം നയിക്കാന്‍ യോഗ്യതയില്ല. അവരുടെ സമരനാടകം ധൂര്‍ത്തും ആഡംബരവും ജനവിരുദ്ധ നയസമീപനങ്ങളും മറച്ചു പിടിക്കാനുള്ള വേഷംകെട്ടുകളാണ്.

പെട്രോള്‍ ഒരു ലിറ്റര്‍ വാങ്ങുമ്പോള്‍ രണ്ടുരൂപ സെസ് ചുമത്തിയിട്ടും ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്താതെ നല്‍കാന്‍ കഴിഞ്ഞില്ല. ഉള്ള പണത്തിന്റെ നീതിയുക്തമായ വിനിയോഗവും വിതരണവും കേരള സര്‍ക്കാര്‍ ശീലിച്ചിട്ടില്ല. ശംബള പരിഷ്‌കാരത്തിന്റെ നേട്ടം ഒരു നിശ്ചിതകാലയളവില്‍ പെന്‍ഷന്‍പറ്റിയ അദ്ധ്യാപകര്‍ക്കുമാത്രം നിഷേധിച്ച ലജ്ജാകരമായ വിതരണ രീതിയും ഈ സര്‍ക്കാറിലാണ് കണ്ടത്. അധികാരത്തില്‍ വരുമ്പോള്‍, ആറു പതിറ്റാണ്ടുകാലത്തായി വാങ്ങിയ ഒന്നരലക്ഷം കോടിരൂപയുടെ വായ്പ ഏഴു വര്‍ഷംകൊണ്ട് നാലു ലക്ഷം കോടിരൂപയായി ഉയര്‍ത്തിയത് പിണറായി സര്‍ക്കാറാണ്. വായ്പയില്‍ നില നില്‍ക്കുന്ന, വരും തലമുറകളെക്കൂടി കൊള്ളയടിക്കുന്ന സാമ്പത്തികാസൂത്രണമാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റേത്. അതിനാല്‍ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര അവഗണന മാത്രമാണെന്ന വാദം പൊള്ളയാണ്.

കേന്ദ്ര അവഗണനക്കെതിരായ സമരത്തിന് ജനപിന്തുണ കിട്ടണമെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ശരിയും സുതാര്യവും ജനപുരോഗതിയില്‍ ഊന്നുന്നതുമാണെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യം വരണം. ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും വളവുകള്‍ നിവര്‍ത്തണം. കേന്ദ്രത്തെപ്പോലെ പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്ന, ഭീകരനിയമങ്ങള്‍ ഒരലോസരവും കൂടിതെ നടപ്പാക്കുന്ന പൊലീസ്‌നയം ഉപേക്ഷിക്കണം. എം ടി പറഞ്ഞതുപോലെ, സ്വേച്ഛാധികാരത്തിലേക്കു വളരുന്ന ദുഷ്പ്രവണത വെടിയണം. ജനങ്ങളെ വിശ്വാസത്തിലെടുക്കണം.

സൂര്യനും ചുറ്റും കറങ്ങുന്ന ശിങ്കിടി ഗ്രഹങ്ങളും നിറഞ്ഞ ഒരു സൗരയൂഥമായി ഈ അധികാര വ്യവഹാരത്തെ കിനാവു കാണുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ കാതല്‍ പിടികിട്ടില്ല. കേന്ദ്രത്തിലും കേരളത്തിലും ഈ പാറ്റേണിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അവരുടെ ആദ്യ പരിഗണനയില്‍ പൊതുജനം വരുന്നില്ല. ഒരേ രാഷ്ട്രീയാധികാരത്തിന്റെ രണ്ട് ആവിഷ്‌കാരങ്ങളേ ജനം അറിയുന്നുള്ളു. ഇതിലും ദോഷമുണ്ട് മറ്റേതിന് എന്ന മട്ടിലുള്ള പ്രചാരണം ഏശാന്‍ പ്രയാസപ്പെടണം. ഏത് ഫാഷിസമാണ് വേണ്ടത് എന്നതല്ല ഒരു ഫാഷിസവും വേണ്ട എന്നതാണ് ജനങ്ങളുടെ ഇംഗിതം.