അയോദ്ധ്യ,1992

Articles

ഹിന്ദി കവിത

കുൻവർ നാരായൺ(1927-2017 )

രാമാ
ജീവിതം കഠോരമായ ഒരു സംഗതി
നീയോ ഒരു ഇതിഹാസം.

ചിന്താശൂന്യരായവരെ നിനക്ക്
പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാവില്ല
പത്തോ ഇരുപതോ അല്ല, അവർക്കിന്ന്
ലക്ഷക്കണക്കിന് തലകൾ, കൈകൾ;
നിൻ്റെ മിത്രം വിഭീഷണൻ പോലുമിപ്പോൾ
ആർക്കൊപ്പമെന്ന് ആർക്കറിയാം?

നിൻ്റെ രാജ്യമിപ്പോൾ ക്ഷുദ്രകലഹങ്ങളുടെ അരങ്ങായി
ചുരുങ്ങിപ്പോയി,എന്തൊരു ദുരോഗ്യം!

യുദ്ധങ്ങളില്ലാത്ത ഒരു ജനപദമല്ല
ഇപ്പോൾ നിൻ്റെ അയോദ്ധ്യ
അതിപ്പോൾ പഴയ
യോദ്ധാക്കളുടെ ലങ്ക,
നിൻ്റെ പുണ്യങ്ങളല്ലിന്ന് ‘മനസ് ‘*,
അത് നിറയെ
തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ .

രാമാ, ഈ കാലമെവിടെ
നിൻ്റെ സുവർണ്ണ ദിനങ്ങളെവിടെ;
നിൻ്റെ കുലീന മഹിമകളെവിടെ
ഈ കുടില മാർഗ്ഗങ്ങളെവിടെ !

ഞങ്ങൾ താഴ്മയോടെ പ്രാർത്ഥിക്കുന്നു,
പ്രഭോ, അങ്ങ് പത്നീ പരിവാരത്തോടെ
സുരക്ഷിതമായി മടങ്ങിയാലും,
ഏതെങ്കിലും താളിയോലച്ചുരുളുകളിലേക്ക് –
വിശുദ്ധ ഗന്ഥത്തിലേക്ക് ;
വാത്മീകി അലയാറുണ്ടായിരുന്ന
പൗരാണികമായ കാടുകളല്ല

ഈ കാടുകൾ .

തുളസീദാസിൻ്റെ രാമചരിതമനസ് ഓർക്കുക-
വിവ: പ്രതാപൻ