ശോഭനയ്ക്കും ചിത്രയ്ക്കും രാമക്ഷേത്രം ആരാധനാലയം മാത്രമാണ്, രാഷ്ട്രീയം അവരെ അലട്ടുന്നില്ല. മതത്തെക്കാൾ വിഷമാണ് മനുഷ്യരിലെ ഭക്തി

Articles

നിരീക്ഷണം /നസീം ബീഗം

പള്ളി പൊളിച്ചത് രാമക്ഷേത്രം നിർമ്മിക്കാൻ ആയിരുന്നല്ലോ. എങ്കിൽ അത് നടക്കട്ടെ. അപ്പോഴും ഒന്ന് ആലോചിക്കാൻ മറക്കേണ്ട: സ്വാതന്ത്ര്യാനന്തരം ഏതെങ്കിലും ക്ഷേത്രം പൊളിച്ചു മുസ്ലീങ്ങൾ പള്ളി നിർമ്മിച്ചിട്ടുണ്ടോ? ഭീകരവാദത്തിന്റെ മറവിൽ ഇത്രയും കാലം മതമൗലികവാദിപട്ടം സകലമാന മുസ്ലീങ്ങൾക്കും ചാർത്തി കൊടുത്ത അവിശുദ്ധ രാഷ്ടീയ സാംസ്കാരിക മാധ്യമ കൂട്ടുകെട്ടുകൾ ഇപ്പോൾ സടകുടഞ്ഞു എഴുന്നേറ്റിരിക്കുന്നത് കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്.

ക്ഷേത്രം അയോധ്യയിൽ വരട്ടെ, ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടട്ടെ. അങ്ങനെ എങ്കിലും മുസ്ലിം സമുദായത്തിൽ ചാർത്തപ്പെട്ടിരിക്കുന്ന കളങ്കം ഇല്ലാതാകട്ടെ.

മുസ്ലീമായി ഇന്ന് വരെ ജീവിച്ചിട്ടില്ലാത്ത മുസ്ലിം സമുദായത്തിൽ ജനിച്ച എന്നെപ്പോലുള്ള നിരവധിപ്പേർ സമൂഹത്തിന്റെ വിവേചനങ്ങളിൽ അകപ്പെട്ടു ദുരിതം അനുഭവിക്കുന്നുണ്ട്. ഇതേ നിലപാടുള്ള പലരുമുണ്ട്. അവർ സംഘടിതരല്ല, അവരെ ഒരു രാഷ്ട്രീയ പാർട്ടികൾക്കും വേണ്ട, സാംസ്കാരിക രംഗത്തും അവർ അനഭിമതർ ആണ്.

മറ്റൊന്ന് , ഇന്ത്യൻ കലാരൂപങ്ങളുടെ മൂലധാര ഭക്തിയാണ്. ചലച്ചിത്ര നടി ശോഭനയും ഗായിക കെ എസ് ചിത്രയുമൊക്കെ അതിന്റെ ഉപയോക്തകളാണ്. അവരെ പോലുള്ളവർക്ക് രാമക്ഷേത്രം ഒരു
ആരാധനാലയം മാത്രമാണ്. അതിലെ രാഷ്ട്രീയം അവരെ അലട്ടുന്നില്ല. പിന്നെ മതത്തേക്കാൾ വിഷമാണ് മനുഷ്യരിൽ കാണപ്പെടുന്ന എല്ലാവിധത്തിലും ഉള്ള ഭക്തി. ദൈവഭക്തി പോലെ തന്നെ അപകടകരമാണ് യജമാന ഭക്തിയും.

ഈ അവസ്ഥയിലും ജാതിയും മതവും ആചാരങ്ങളും അനാചാരങ്ങളും ജീവിതത്തിൽ കൂട്ടിക്കലർത്താതെ ജീവിക്കാൻ പറ്റുന്ന സാഹചര്യം ഇന്ത്യയിലുണ്ട്. അത്
കൂടി ഇല്ലാതാക്കാൻ മാത്രമേ ഇപ്പോൾ നടക്കുന്ന അനാവശ്യ പ്രതിഷേധങ്ങൾ സഹായിക്കുകയുള്ളൂ. ഇന്ത്യ മതരഹിത സമൂഹമായിരുന്നില്ല ഒരു കാലത്തും. ഇനിയും അങ്ങനെ തുടരും. പക്ഷേ പുതിയ തലമുറയെ കൂടി വിഷലിപ്തമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരാധനാലയങ്ങൾ, പ്രാർത്ഥനകൾ കുറഞ്ഞ പക്ഷം കേരളത്തിൽ എങ്കിലും ഇല്ലാതാക്കാൻ പ്രതിപക്ഷ പാർട്ടികൾക്കു സാധിക്കുമോ?

ദൈവം എന്നൊരു മഹാസംഭവം അല്ലെങ്കിൽ ഒരു
പ്രഹേളിക ഉണ്ടെന്ന് ഞാൻ മനസിലാക്കിയത് വീട്ടിൽ നിന്നല്ല, ഒൻപതാം വയസ്സിൽ കോൺവെന്റ്സ്കൂളിൽ ചേർന്നപ്പോഴാണ്. ഇന്നത്തെ കുട്ടികൾക്ക് അത്ര പോലും കാലതാമസം കിട്ടുന്നില്ല.
വീട്ടിൽ മതപരമായ അന്തരീക്ഷം
ഇല്ലാത്ത കുട്ടികൾ പോലും ഇപ്പോൾ ഒന്നാം
ക്ലാസ്സിൽ എത്തുമ്പോഴേ ദൈവത്തെ അന്വേഷിക്കുന്ന
അത്ഭുത പ്രതിഭാസമാണ്. ദൈവവിശ്വാസം, മതം എന്നിവ വിവാഹം, വോട്ടവകാശ പ്രായപരിധി പോലെ നിശ്ചയിക്കപ്പെടേണ്ട ഒന്നാണ്. ജന്മനാ ആരും മുസ്ലീമായും ഹിന്ദുവായും ക്രിസ്ത്യനായും മറ്റെന്തെങ്കിലും ആയും ജനിക്കുന്നില്ല. മനുഷ്യനായി മാത്രമേ ജനിക്കുന്നുള്ളൂ. അല്ലെന്ന് സ്ഥാപിക്കാൻ ആർക്ക് കഴിയും!? ജനിച്ച മതം മനസ്സു കൊണ്ടു എന്നേ ഉപേക്ഷിച്ചിരിക്കുന്നു. എന്നിട്ടും ഒരു മുസ്ലീമായി കണക്കാക്കപ്പെടുന്ന അവസ്ഥയിൽ ഇത്രയുമൊക്കെ പറയേണ്ടതല്ലേ . (രാജ്യാന്തര പ്രമുഖയായ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമാണ്
നസീം ബീഗം )