അനുകമ്പയില്ലാത്ത മതം ഉപേക്ഷിക്കുക, വിവേകമില്ലാത്ത ഗുരുവിനോട് വിട പറയുക

Articles

വി ആര്‍ അജിത് കുമാര്‍

(ചാണക്യനീതി )

സൗമ്യമായ പെരുമാറ്റം രാജകുമാരന്മാരില്‍ നിന്ന് പഠിക്കണം. സംഭാഷണ കല പണ്ഡിതന്മാരില്‍ നിന്നും പഠിക്കണം. ചൂതാട്ടക്കാരില്‍ നിന്ന് അസത്യവും സ്ത്രീകളില്‍ നിന്ന് കപടതയും പഠിക്കാം.

6.52
സ്വേച്ഛാധിപത്യ ഭരണത്തേക്കാള്‍ നല്ലത് രാജ്യം ഇല്ലാത്തതാണ്. ചീത്ത കൂട്ടുകെട്ടിനേക്കാള്‍ നല്ലത് ഒരു സുഹൃത്തും ഇല്ലാത്തതാണ്. ഒരു വിഡ്ഢിയെ ശിഷ്യനായി ലഭിക്കുന്നതിനേക്കാള്‍ നല്ലത് ശിഷ്യനില്ലാത്തതാണ്. പരുഷമായ പെരുമാറ്റമുള്ളവള്‍ ഭാര്യയായി വരുന്നതിനേക്കാള്‍ നല്ലത് ഭാര്യയില്ലാത്തതാണ്.

6.53
അനുകമ്പയില്ലാത്ത മതം ഉപേക്ഷിക്കുക.വിദ്യാഭ്യാസമില്ലാത്ത ഗുരുവിനോട് വിടപറയുക. കഠോരസ്വഭാവമുള്ള ഭാര്യയെയും വാത്സല്യം കാണിക്കാത്ത ബന്ധുക്കളെയും ഒഴിവാക്കുക.

6.54
ഒരാളുടെ ഹൃദയത്തില്‍ വസിക്കുന്നവന്‍ എത്ര അകലെയാണെങ്കിലും അവന്‍ തൊട്ടടുത്തുണ്ടെന്ന് തോന്നും. എന്നാല്‍ നമ്മുടെ മനസ്സില്‍ ഇല്ലാത്തവന്‍ തൊട്ടടുത്തുണ്ടെങ്കിലും അവന്‍ ശരിക്കും അകലെയെവിടെയോ ആണെന്നുതോന്നും.

6.55
പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു മരത്തില്‍, വ്യത്യസ്ത നിറങ്ങളും സ്വഭാവങ്ങളുമുള്ള പക്ഷികള്‍ ഒരുമിച്ച് വസിക്കുന്നു. നേരം പുലരുമ്പോള്‍, അവ പത്തു ദിക്കിലേക്കും പറന്നുയര്‍ന്നാല്‍, എന്തിനാണ് അതിനെയോര്‍ത്ത് കരയുന്നത്?

6.56
കുയില്‍ മിക്ക ദിവസങ്ങളിലും ശബ്ദമുണ്ടാക്കാതെ നിശബ്ദയായി സമയം ചിലവിടും. എന്നാല്‍ വസന്തകാലമാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നുകൊണ്ട് അവള്‍ പാടാന്‍ തുടങ്ങും.

6.57
കൃഷി ചെയ്യാത്ത ഭൂമിയിലെ പഴങ്ങളും വേരുകളും ഭക്ഷിച്ച് ,നിരന്തരമായി വനജീവിതം ആസ്വദിക്കുന്ന, നിത്യവും ശ്രാദ്ധം അനുഷ്ഠിക്കുന്ന ഒരു ബ്രാഹ്മണനെ തപസ്വി എന്ന് വിളിക്കാം.

6.58
ലൗകിക കാര്യങ്ങളില്‍ തിരക്കുള്ള, കന്നുകാലികളെ പരിപാലിക്കുന്ന, വാണിജ്യത്തിലും കൃഷിയിലും വ്യാപൃതനായ, ഒരു ബ്രാഹ്മണന്‍ തീര്‍ച്ചയായും വൈശ്യനാണ്.