മാനന്തവാടി: വയനാട്ടില്‍ ഭീതിവിതച്ച ആളെക്കൊല്ലി കാട്ടാന ഇനിയും പിടിയിലായില്ല. ആനയെ പിടികൂടാന്‍ ദൗത്യ സംഘം കുങ്കിയാനകളും മറ്റ് സംവിധാനങ്ങളുമായി ഇറങ്ങിയെങ്കിലും പിടികൊടുക്കാതെ വഴുതിമാറുകയാണ് ബേലൂര്‍ മഗ്നയെന്ന മോഴയാന.
ഇതോടെ ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവില്‍, മണ്ണുണ്ടി മേഖലയില്‍ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്. റേഡിയോ കോളറില്‍ നിന്ന് ഇടവേളകളിലാണ് സിഗ്‌നല്‍ ലഭിക്കുന്നത്. കൃത്യമായ സിഗ്‌നല്‍ ലഭിച്ചാലുടന്‍ ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുകയും, മയക്കുവെടി വയ്ക്കുകയും ചെയ്യും.
സ്ഥലവും സന്ദര്‍ഭവും ഒത്തുവന്നാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളൂ എന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ആന, കുങ്കി ആനകളെ കാണുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ്. അതിവേഗം പൊന്തക്കാടുകളില്‍ മറയുന്നതാണ് ബേലൂര്‍ മഗ്നയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, അവ പരാജയപ്പെടുകയായിരുന്നു.
മിഷന്‍ ബേലൂര്‍ മഗ്ന ഇതുവരെയും പുരോഗമിക്കാത്തതിനാല്‍, തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയാണ്. കൂടാതെ, മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടം കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ വയനാട് ജില്ലയില്‍ ഹര്‍ത്താലാണ്. കാര്‍ഷിക സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.