കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് സി എം പി നേതാവ് സി പി ജോണ്‍. കേരളത്തില്‍ അരാജകമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ സമ്പൂര്‍ണ്ണ ഫാസിസമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്‌നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോണ്‍ വിമര്‍ശിച്ചു.
സിദ്ധാര്‍ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സി പിജോണ്‍ ആവശ്യപ്പെട്ടു. കേസ് സിറ്റിംഗ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്ത് വരില്ലെന്നും സി പി ജോണ്‍ പറഞ്ഞു.
‘ഡീനിന്റെ വീട്ടിലേക്ക് പോകും. പിണറായി വിജയന്‍ സെക്യൂരിറ്റി സര്‍വീസാണോ എന്ന് നോക്കാം. തടയാന്‍ പറ്റുമെങ്കില്‍ തടയട്ടെ. ഡീനിനെ ഇറങ്ങി നടക്കാന്‍ സമ്മതിക്കില്ല. സി പി ഐ വകുപ്പിന് കീഴലാണ് വെറ്ററിനറി സര്‍വകലാശാല. അവിടെയാണ് ഈ അതിക്രമം നടന്നത്. ബിനോയ് വിശ്വം എവിടെയാണ് സിപിഐ അഭിപ്രായം വ്യക്തമാക്കണം’, സി പി ജോണ്‍ പറഞ്ഞു.
സി കെ ശശീന്ദ്രന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പോയത് പിണറായി പറഞ്ഞിട്ടാണ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സി പി ജോണ്‍ അഭിപ്രായപ്പെട്ടു. വേണ്ടത്ര ഗൗരവത്തില്‍ പ്രതിഷേധം ഉണ്ടായില്ല. ഹര്‍ത്താല്‍ നടക്കണം എന്നാണ് സി എം പി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.