ആത്മപരിശോധനയിലൂടെ സംസ്കരണം നേടിയെടുക്കുക: സി പി ഉമർ സുല്ലമി

Gulf News GCC Saudi Arabia

ജിദ്ദ: ആത്മപരിശോധനയിലൂടെ മനുഷ്യ മനസുകളുടെ  സംസ്കരണം സാധ്യമാവുമെന്നും സംസ്കരണചിന്തകൾ  വളർത്തിയെടുക്കാൻ റമദാനിനെ ഉപയോഗപ്പെടുത്തണമെന്നും  കെ.എൻ.എം  മർകസുദ്ദഅവ ജനറൽ  സെക്രട്ടറി സി.പി ഉമർ  സുല്ലമി പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ  സംഗമത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

വിശുദ്ധ ഖുർആൻ മനുഷ്യ  മനസുകളിലെ സംസ്കരണ ചിന്തകൾക്ക് വെളിച്ചം പകരുന്ന  ഗ്രന്ഥമാണെന്നും മനസിനെ  സംസ്കരിച്ചെടുക്കാൻ വേദവാക്യങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി  പ്രതിഭാസങ്ങളെക്കുറിച്ച് ആഴത്തിൽ  പഠിക്കാൻ ശ്രമിച്ചാൽ  അതിന്റെ സൃഷ്ടി വൈഭവം കൊണ്ട് സൃഷ്ടാവിനെ കണ്ടെത്താൻ സാധിക്കുമെന്നും ദൈവിക  ഗ്രന്ഥത്തിന്റെ അമാനുഷികത  ബോധ്യപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.  മനുഷ്യമനസുകളിലെ ദുഷ്ടത വെടിഞ്ഞ് ധർമ്മനിഷ്ഠയുള്ളവരായിത്തീരാൻ   പരിശ്രമിക്കണമെന്നും  സഹിഷ്ണുതയും  വിട്ടുവീഴ്ചയും  ജീവിതത്തിന്റെ ഭാഗമായിത്തീരാൻ  റമദാൻ കൊണ്ട് സാധിക്കണമെന്നും  അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രസിഡണ്ട്‌ അബ്ദുൽ ഗഫൂർ  വളപ്പൻ അധ്യക്ഷത വഹിച്ചു. ശൈഖ് റഷീദ് അബ്ദുല്ല അൽ ദൂസരി,  ശൈഖ്  തലാൽ യൂസുഫ് സംസമി എന്നിവർ  ആശംസകൾ  നേർന്നു. കോഴിക്കോട് ആസ്ഥാനമായി  പ്രവർത്തിക്കുന്ന കെയർഹോമിന്റെ പ്രവർത്തനങ്ങളെക്കു റിച്ച് പ്രതിനിധി സി പി അബ്ദുൽ വാരിഷ് സംസാരിച്ചു. അബ്ദുറഹ്മാൻ ഫാറൂഖി സ്വാഗതവും സലാഹ് കാരാടൻ  നന്ദിയും പറഞ്ഞു.