അഷറഫ് ചേരാപുരം
ദുബൈ: ഒമാന്‍ ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ഇന്നായിരിക്കും ഈദുല്‍ഫിത്തര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയശേഷമുള്ള ആദ്യ ചെറിയ പെരുന്നാളില്‍ വിശ്വാസികള്‍ ഏറെ സന്തോഷത്തിലായിരുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തില്‍ പ്രവാസിമലയാളികളടക്കമുള്ളവര്‍ സജീവമായി പങ്കെടുത്തു.
മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാന്‍ വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും പെരുന്നാള്‍ നിസ്‌കാരത്തിന് ദശലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സൗദിയില്‍ മാത്രം ഇരുപതിനായിരത്തിലേറെ പള്ളികളിലാണ് നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. കൊവിഡിന്റെ നിബന്ധനകളില്ലാതെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസി സമൂഹം. യു എ ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, എന്നിവിടങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഇവിടങ്ങളിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
പെരുന്നാള്‍ വെള്ളിയാഴ്ച ആയതിനാല്‍ ഈദ് നമസ്‌കാരവും വെള്ളിയാഴ്ച പ്രാര്‍ഥനയും രണ്ടായി നടത്തണമെന്ന് യു.എ.ഇയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ രാവിലെ ഏഴിനായിരുന്നു പെരുന്നാള്‍ നമസ്‌കാരം. യു എ ഇയില്‍ പെരുന്നാളിനോടനുബന്ധിച്ച് വിവിധയിടങ്ങളിലായി വന്‍ ആഘോഷപരിപാടികളാണ് ഒരുക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗ്ലോബല്‍ വില്ലേജ്, അബുദാബി യാസ് ഐലന്‍ഡ്, കോര്‍ണിഷ് റോഡ് എന്നിവിടങ്ങളില്‍ വെടിക്കെട്ട് നടന്നു. ഖത്തറില്‍ ലോകകപ്പ് സ്‌റ്റേഡിയത്തിലാണ് പ്രധാന ഈദ്ഗാഹ് നടന്നത്. അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ മൈതാനിയില്‍ ഈദ് നിസ്‌കാരത്തില്‍ പങ്കെടുത്തു.